Friday, January 26, 2007

വേണ്ടാത്ത അറിവ്.

കാര്യമായ അറിവോന്നുമില്ലാ കോന്തുണ്ണിയേട്ടന് (അക്കാര്യത്തില്‍ ഞാനും കോന്തേട്ടനും സമാസമം).
കുറച്ചറിവ് എവിടെന്നെങ്കിലും കിട്ടിയാല്‍ കൊള്ളാമെന്ന ചിന്തയല്ലാതെ അതിനുവേണ്ടി പ്രത്തേക്കിച്ചു ശ്രമമൊന്നുമില്ലാ രണ്ടാള്‍ക്കും. അതുകൊണ്ടുതന്നെ പ്രസംഗവും പ്രഭാഷ്ണവുമൊന്നും കോന്തുണ്ണി നായരെ ഒരിക്കലും ആകര്‍ഷിച്ചിട്ടില്ല. വെറുതെ കറങ്ങിനടക്കുന്നതാണ് പുള്ളിയുടെ ഇഷ്ടവിനോദം. നാണിയേട്ടത്തിയുടെ ഭാഷയില്‍ പറഞ്ഞല്‍ ‘വണ്ടിക്കാളയെ പോലെയിങ്ങനെ ചുമ്മാ നടക്കും. പൊക്കണക്കേട് അല്ലാതെന്ത്.’ എന്നല്‍ ചുമ്മാ നടക്കാന്‍ കഴിയാത്തതാണ് നമ്മുടെ എല്ലാപ്രശ്നങ്ങള്‍ക്കും കാരണമെന്നാണ് കോന്തുണിയേട്ടന്റെ അഭിപ്രായം. കോന്തുണ്ണിയേട്ടന്‍ ചുമ്മാ സ്വന്തം ഭാഗം ന്യായീകരിക്കന്‍ പറയിന്നതായിട്ടണ് ഞാനുള്‍പ്പെടെ എല്ലാവരും കരുതിയത്. എന്നാല്തങ്ങനെയല്ല അതോരു തത്വശാസ്ത്രമാണെന്നും പലമഹാന്മാരുമതു പറഞ്ഞിട്ടുണ്ടെന്നും കോളേജില്‍ ഇംഗ്ലീഷു പഠിപ്പിക്കുന്ന സുകുമരന്‍ മാഷ് പറഞ്ഞപ്പോഴല്ലേ മനസ്സിലാകുന്നത്. അല്ലെങ്കിലും കാര്യം കാര്യമാകണമെങ്കില്‍ കോന്തുണ്ണിയല്ല അറിവുള്ള മഹാന്മാര്‍ തന്നെ പറയണം.

തനിക്കില്ലാതെപോയ അറിവിനെ കുറിച്ചോര്‍ത്തു കോന്തുണ്ണിയേട്ടന്‍ വിണ്ടും തെക്കോട്ടും വടക്കോട്ടും നടന്നു. അങ്ങനെയിരിക്കെയാണ് ക്ഷേത്രമുറ്റത്തെ ആല്‍ച്ചുവട്ടില്‍ ഒരു കാക്ഷായവേഷധാരി വന്നിട്ടുണ്ടെന്നും വൈകുന്നേരം പ്രഭാഷണമുണ്ടെന്നും കേള്‍ക്കുന്നത്. അറിഞ്ഞപ്പോള്‍ ആല്‍ച്ചുവടുവരെ ഒന്നു ചുമ്മാ നടക്കാമല്ലോ എന്നുമാത്രമേ കരുതിയിള്ളു കോന്തുണ്ണിയേട്ടന്‍. കാവിയോടും ഖദറിനോടുമൊന്നും വെറിപ്പില്ലെങ്കിലും അത്ര മമതയോന്നുമില്ല കോന്തേട്ടന്. ഭക്തിയുംകമ്മി. മാത്രമല്ല കാലണ കളഞ്ഞ്കിട്ടിയാല്‍പ്പോലും കാണിക്കവഞ്ചിയിലിടുന്ന സ്വഭാവവുമില്ല. അക്കാര്യത്തില്‍ ഞാനും കോന്തേട്ടന്റെ ഭാഗത്തണ്. ദൈവത്തിനെന്തിനാ പൈസ.

എങ്കിലും ജ്ഞാനികളെന്നുകേട്ടാല്‍ കാണാന്‍ പോകാറുണ്ട്, എന്തെങ്കിലും അറിവുകിട്ടിയലോ. പണ്ടോരിക്കല്‍ അരീക്കാവു പാറ ഗുഹയില്‍ ഒരു സിദ്ധന്‍ വന്നു കൂടിയിട്ടുണ്ടന്നുകേട്ട് കണാന്‍ പോയിട്ടുണ്ട്. സിദ്ധനെ നാട്ടുകര്‍ മൂന്ന്നാലു ദിവസം തീറ്റിപ്പോറ്റി. ചോറും കോഴിക്കറിയും കൊടുത്തു. സിദ്ധന്‍ മൌനവ്രതത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഒന്നും മൊഴിഞ്ഞില്ല. ആഹാരം കഴിക്കന്‍ മാത്രമേ വായ തുറന്നോള്ളു. നാലാം ദിവസം രാത്രിയില്‍ സിദ്ധന്‍ അപ്രത്യക്ഷനായി, ആരോടും ഒന്നും പറയതെ. പോലീസിനെ വിളിക്കണമെന്ന് ചില കമ്യുണിസ്റ്റുകാര്‍ പറഞ്ഞുനടെന്നെങ്കിലും ഒന്നും നടന്നില്ല.

ആല്‍ച്ചുവട്ടില്‍ ആളുകൂടികഴിഞ്ഞിരിക്കുന്നു.ആത്മാവിനെ ഒരു ശസ്ത്രം കൊണ്ടും മുറിക്കാന്‍ പറ്റില്ലെന്നോക്കെ പറഞ്ഞാണു കാക്ഷായ വസ്ത്ര ധാരി സംസരിച്ചുതുടങ്ങിയത്. അതേതു മാവാണെന്നും കോടലിക്കു പറ്റുമോയെന്നുമോക്കെ ചില പിള്ളേര്‍ പുറകെനിന്നു പറയിന്നതുകേട്ടു. പിന്നെ അറിവിനെക്കുറിച്ചും അറിവില്ലായ്മയെക്കുറിച്ചുമോക്കെ അയാള്‍ പറഞ്ഞു, ലോകം മിഥ്യയാണന്നു സമര്‍ത്ഥിച്ചു. ഇരുട്ടില്‍ കയറിനെ സര്‍പ്പമെന്നുത്തൊന്നിക്കുന്ന രീതിയിലുള്ള ഒരു സ്വപ്നമാണത്രേയീ ലോകം. ആറിവു പ്രകാശമാണന്നും അതു നമ്മളെയീ സ്വപ്നത്തില്‍ നിന്നുമുണര്‍ത്തുമെന്നു അയള്‍ പറഞ്ഞു. പ്രപഞ്ചം മായ, ബ്രഹ്മം സത്യം... സന്യാസി പറഞ്ഞുനിറുത്തിയപ്പേള്‍ കോന്തേട്ടന്‍ ഒരു സ്വപ്നത്തില്‍നിന്നെപോലെയുണര്‍ന്നു.

പ്രപഞ്ചമെന്നു പറയുന്നത്‍ തന്റെ വീടും, ശിവന്റെ ചായകടയും, അതിനുമുന്നിലെ കവലയുമൊക്കയലേ.പിന്നെ നാണിയും, തന്റെ ഒരേയൊരു മകനും, ഈ നാട്ടുകാരുമൊക്കെ അതില്‍ പെടും. ഇങ്ങനെയുള്ളയീ പ്രപഞ്ചം വെറുമൊരു സ്വപ്നമാണനോ. അതും തന്റെ അറിവില്ലായ്മയില്‍ നിന്നും വന്ന ഒരു കഥയില്ലാത്ത സപ്നം. അപ്പൊള്‍ അറിവുണ്ടായിപ്പോയല്‍ പ്രപഞ്ചം പോലുമില്ലാത്തൊരിടത്തു തനിച്ചിരിക്കേണ്ടിവരും. അതെ, ഇരിക്കുകതന്നെ. പ്രപഞ്ചമില്ലങ്കില് നടക്കാന്‍ പോലും പറ്റില്ലല്ലോ.

വിഷണ്ണനായി ക്ഷേത്രമുറ്റം കടന്ന് തിരിച്ചുനടന്നപ്പോള്‍ അകത്തേക്ക് ഒരുനിമിഷം നൊക്കി മനസ്സുകൊണ്ടു പ്രാര്‍ത്ഥിച്ചതുമതുതന്നെയായിരുന്നു. ഭഗവാനേ അറിയതെ പോലും ഈ അറിവ് എനിയ്ക്കുണ്ടാകരുതേ.

4 comments:

Asok said...

അറിവും അറിയുന്നവനും ഒന്നാകുന്ന അറിവിനെ കുറിച്ചുള്ള കോന്തുണ്ണി ഭാഷ്യം.

ദൃശ്യന്‍ | Drishyan said...

അശോകേ,

അറിയാതെ വന്നു പെട്ടതാണിവിടെ. അറിഞ്ഞു വരുവാന്‍ ത്ന‌റ്റെ പേരില്‍ കമന്റുകള്‍ ഒന്നും പിന്‍‌കുറിപ്പുകളില്‍ വന്നതായ് ഓര്‍ക്കുന്നുമില്ല. പക്ഷെ വന്നതും വയിച്ചതും നന്നായി എന്നു തോന്നുന്നു. മൃദുലിന്‍‌റ്റെ ബ്ലോഗില്‍ താനിട്ട കമന്‍‌റ്റ്സ് ആണ്‍ ഇവിടെ എത്തിച്ചത്. കോന്തുണ്ണിയുടെ ചിന്തകള്‍ മൂന്നും വായിച്ചു. തുടക്കത്തില്‍ ഹാസ്യത്തിനാണ്‍ ശ്രമമെന്നു തോന്നിയെങ്കിലും, അവതരണരീതിയില്‍ മാത്രമേ ആ സാദൃശ്യമുള്ളൂ എന്നു പിന്നീട് മനസ്സിലായി. മൂന്നു ചിന്തകളും വളരെ നന്നായിരിക്കുന്നു. 2 കഥാപാത്രങ്ങള്‍ (Mr. & Mrs കോന്തുണ്ണി പിറവിയെടുക്കുന്നത് ഞാനറിയുന്നു.

തുടര്‍ന്നെഴുതുക

സസ്നേഹം
ദൃശ്യന്‍

വേണു venu said...

അശോകേ..മൂന്നു കഥയും വായിച്ചു.നല്ല വായനാ സുഖം പകരുന്ന എഴുത്തു്. കോന്തുണ്ണി നായരുടെ അറിവില്‍,എന്‍റെ അറിവുകേടുകള്‍ ഞാന്‍ അറിയുന്നു.
തുടര്‍ന്നെഴുതുക.
ആശംസകള്‍.

sandoz said...

അശോക്‌,

ഇപ്പോഴാണു ഇതു കണ്ടത്‌...കൊള്ളാം..ഹാസ്യത്തിനു മൂര്‍ച്ചയുണ്ട്‌.