Tuesday, February 13, 2007

മഴസ്വാമി

കുട്ടികളായ ഞങ്ങള്‍ക്കെല്ലാം ഒരു തികഞ്ഞ കൌതുകമായിരുന്നു മഴസ്വാമി. അല്പം അകന്നുനിന്നു മാത്രം കാണാനാഗ്രഹിച്ചിരുന്ന ഒരു കൌതുകം. കാവിമൂടിയ ദേഹവും പഞ്ഞിപോലെവെളുത്ത നീണ്ട താടിയും, കൈയിലെ ശംഖും എല്ലാം ചേര്‍ന്ന് കഥാപുസ്ത്കത്തിലെ ഒരു സന്യാസിയുടെ രൂപം തന്നെയായിരുന്നു മഴസ്വാമിക്ക്. കൈയ്യിലെ ഊന്നുവടി നടക്കാന‍ല്ല മറിച്ച് കുരച്ച് ചാടിവരുന്ന ശുനകന്മാരെ വിരട്ടിയോടിക്കാനാണ് അധികവും ഉപയോഗിച്ചിരുന്നത്. ചിലപ്പോള്‍ മുട്ടിന് കൈകോടുത്ത് അല്പം വളഞ്ഞ് നിന്ന് നായ്ക്കളെ നോക്കി തിരിച്ച് കുരയ്ക്കാറും പല്ലിറുമാറുമോക്കെയുണ്ടായിരുന്നു അയാള്‍. ഇതുകണ്ട് ചിലര്‍ മഴസ്വാമിക്ക് മ്രഗങ്ങളോട് സംസാരിക്കാന്‍ വശമുണ്ടയിരുന്നതായും കരുതിയിരുന്നു. കുട്ടികള്‍ ചുറ്റും കൂടുമ്പോള്‍ ചിലപ്പൊഴെല്ലാം കൈയിലെ ശംഖെടുത്ത് ഊതാറുമുണ്ടായിരുന്നു മഴസ്വാമി. ശരീരം വില്ലുപോലെ വളച്ച് അത്യുഗ്ര ശബ്ദ്ദത്തില്‍ ശംഖ് വിളിക്കുബോള്‍ ഈ ദുര്‍ബല ശരീരത്തില്‍നിന്നെങ്ങനെ ഇത്രയും വലിയ ശബ്ദ്ദം വരുന്നതെന്ന് പറഞ്ഞ് വലിയവര്‍ പോലും അദ്ഭുതം കൂറാറുണ്ട്. എപ്പൊ വന്നലും കാണുന്നവര്‍ക്കെല്ലാം സുഗന്ധപൂരിതമായ ഭസ്മം കൊടുക്കാന്‍ ഒരിക്കലും മറക്കാറില്ലായിരുന്നു മഴസ്വാമി.

അടുത്ത മഴ എപ്പോകാണുമെന്ന പ്രവചനവുമായിട്ടാണ് മഴസ്വാമി എപ്പോഴും പ്രത്യക്ഷപ്പെടാറ്. ‘വാവ് കഴിഞ്ഞയുടനെയുണ്ടാവും മഴ’ അല്ലങ്കില്‍ ‘ഇനി കോല്ലങ്കോട്ട് തൂക്കം കഴിഞ്ഞിട്ട് നോക്കിയാമതി കേട്ടോ’ എന്നോക്കെയാവും പ്രവചനങ്ങള്‍. മറ്റ്ചിലപ്പോള്‍ കര്‍ക്കശ സ്വരത്തില്‍ പറയും ‘ഉടനെയോന്നും ഇനി മഴ കാണില്ല. ആളുകള്‍ക്കോക്കെ അഹമ്മതി കൂടുകയല്ലേ. ഇത്തവണ അവരെയോക്കെയോന്ന് കണക്കിന് പരീക്ഷിക്കും.’ എന്നിട്ട് ഉടനെ വീണ്ടും പറയും ‘ പക്ഷേ സജ്ജനങ്ങളെ കഷ്ടപ്പെടുത്തില്ല കേട്ടോ‘. പക്ഷേ മഴ ഒരിക്കലും മഴസ്വാമിയുടെ പ്രവചനങ്ങളെ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. സത്യത്തില്‍ ആരും മഴസ്വാമിയുടെ പ്രവചനങ്ങളെ വിശ്വസിച്ചിരുന്നുമില്ല. മഴസ്വാമിയുടെതെന്നല്ല മഴയെക്കുറിച്ചുള്ള ആകാശവാണിയുടെ പ്രവചനങ്ങളും ആരും വിശ്വസിച്ചിരുന്നില്ല എന്നതാണ് സത്യം. എങ്കിലും ചിലപ്പോള്‍ പ്രവചനം ഫലിച്ച് മഴ പെയ്യുമ്പൊള്‍ എന്റെ മുത്തശ്ശി മറക്കാതെ പറയുമായിരുന്നു ‘കണ്ടില്ലേ മഴ പെയ്യുന്നത്, മഴസ്വാമി പറഞ്ഞായിരുന്നു’.

വീടും കുടുംബവുമൊക്കെയുള്ള മനുഷ്യനെന്നാണ് ചിലര്‍ മഴസ്വാമിയെക്കുറിച്ച് പറഞ്ഞത്. മറ്റ്ചിലര്‍ക്ക് അയാള്‍ പീടികത്തിണ്ണയില്‍ അന്തിയുറങ്ങുന്ന വെറുമോരു തെണ്ടിയായിരുന്നു. ഇനിയൊരുക്കുട്ടര്‍ പറഞ്ഞു അയാള്‍ ശ്മ്ശാനത്തിലാണ് ഉറങ്ങിയിരുന്നതെന്ന്. അവിടെ നിന്നാണത്രേ അയാള്‍ക്ക് ഭസ്മം കിട്ടിയിരുന്നതും. മഴസ്വാമിയുടെ ഭിക്ഷസഞ്ചിക്കുള്ളില്‍ അസ്ഥിതുണ്ടുകളാണെന്നും, അനുസരണക്കേട് കാട്ടിയാല്‍ പിടിച്ച് അയാള്‍ക്ക് കോടുക്കുമെന്നും ചില വിക്രിതിക്കുട്ടികളെ അച്ഛനമ്മമാര്‍ ഭയപ്പെടുത്തറുമുണ്ടായിരുന്നു. എന്നാല്‍ ഈ കഥകള്‍ക്കോന്നും മഴസ്വാമിയുടെ കൌതുകരൂപം കുട്ടികളായ ഞങ്ങളുടെ മനസില്‍നിന്നു മാച്ചുകളയാനായില്ല. ഞങ്ങള്‍ മഴസ്വാമിക്ക് ചുറ്റും കൂട്ടം കൂടുകയും അയാള്‍ തന്ന ഭസ്മം വാങ്ങി നെറ്റിയില്‍ കുറി വരയ്ക്കുകയും ചെയ്തു. പിന്നെ മഴസ്വാമിയുടെ ശംഖ് വിളിയെ അനുകരിച്ച് കൂകിവിളിച്ചു.

സത്യത്തില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് മാത്രമായിരുന്നില്ല വലിയവര്‍ക്കും മഴസ്വാമിയെക്കുറിച്ച് അധികമോന്നും അറിയില്ലായിരുന്നു. അവര്‍ അയാളെ അത്രയ്ക്കോന്നും ശ്രദ്ധിച്ചിരുന്നുമില്ല. വലിയവരുടെ സങ്കീര്‍ണ്ണമായ ലോകത്തില്‍ മഞ്ചാടിക്കുരുക്കള്‍ക്കും, മുത്തുച്ചിപ്പികള്‍ക്കുമെന്നപോലെ മഴസ്വാമിക്കും സ്ഥാനമില്ലായിരുന്നിരിക്കാം. അതുകൊണ്ടുതന്നെയാണല്ലോ അളന്ന് കൊടുക്കുന്ന ഒരു നാഴി അരി വാങ്ങി സഞ്ചിയിലിട്ട് ‘ശംഭോ മഹാദേവാഃ’ എന്ന് ഉച്ചത്തില്‍ പറയുമ്പോള്‍ അയാളുടെ മുഖത്ത് മുറുകുന്ന വരകള്‍ ഒരു വലമ്പിരി ശംഖിന്റെ ചിത്രം വരച്ച് വയ്ക്കുന്നത് കുട്ടികളായ ഞങ്ങള്‍ മാത്രം ശ്രദ്ധിച്ചത്. പിന്നെ ശംഖ് വിളിച്ച് ഭസ്മം കൊടുത്ത് മഴസ്വാമി പടിയിറങ്ങുമ്പോള്‍ നടവരമ്പത്ത് വരെ കൂടെ ചെല്ലുന്നതും കുട്ടികള്‍ മാത്രമായിരുന്നു. നാഴിയരിയുമായി അടുത്ത് ചെല്ലുമ്പൊള്‍ മുതിര്‍ന്നവര്‍ക്കാര്‍ക്കെങ്കിലും, അസ്ഥികഷ്ണങ്ങള്‍ ഇല്ലായെന്നുറപ്പുവരുത്താനെങ്കിലും, അയാളുടെ ഭിക്ഷ സഞ്ചികള്‍ക്കുള്ളില്‍ ഒന്നു നോക്കാമായിരുന്നു. നോക്കിയില്ല, ആരും. അതുകൊണ്ടുത്തന്നെ അയാളുടെ തുണിസഞ്ചികള്‍ക്കുള്ളില്‍ എന്താണെന്ന് ആരുമറിഞ്ഞതുമില്ല, ഒരിക്കലും.

പണ്ടൊക്കെ ആഴ്ചവട്ടത്തില്‍ ഒരിക്കല്‍ വരാറുണ്ടായിരുന്ന മഴസ്വാമി പിന്നെ വരവ് മാസത്തിലോരിക്കലാക്കി. വയസ്സായതുകൊണ്ടാണെന്ന് എല്ലാരും പറഞ്ഞു. എന്തുകൊണ്ടോ മഴയും കുറവായിരുന്നു ആ കാലത്ത്. മഴസ്വാമി വരാത്തത്കോണ്ടല്ല, മനുഷ്യന്‍ കാടും മരങ്ങളും വെട്ടിനശിപ്പിച്ചതുകോണ്ടാണ് മഴ പെയ്യാത്തതെന്നാണ് ചിലര്‍ പറഞ്ഞത്. എന്തുകൊണ്ടോ അതിന്റെ ന്യായം എനിക്ക് മനസിലായില്ല. വല്ല ദുഷ്ടന്മാരും മരം വെട്ടി നശിപ്പിക്കുന്നത്കൊണ്ട്, എന്റെ മുറ്റത്തുപെയ്യുന്ന മഴയും അതിന്റെ കുളിരും ഞനെന്തിന് നഷ്ടപ്പെടണം. മഴസ്വാമിയെന്നും പറഞ്ഞിരുന്നതുപ്പോലെ സജ്ജനങ്ങളെ കാക്കേണ്ടേ, ദുഷടന്മാരെ ശിക്ഷിക്കുമ്പോഴും.

മഴസ്വാമിക്ക് വയസ്സായി വരുന്നതൊന്നും ഞങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലായില്ല. പഞ്ഞിപൊലുള്ള വെളുത്ത താടിയും, കാവിമൂടിയദേഹവുമയി എന്നും ഒരുപോലെ തന്നെയായിരുന്നല്ലോ അയാള്‍ . പക്ഷേ അയാളുടെ നടത്തയ്ക്കു വേഗത കുറഞ്ഞതും, ഇടയ്ക്കിടയ്ക്കുനിന്നു കിതയ്ക്കുന്നതും ഞങ്ങള്‍ കണ്ടു. പിന്നെയിപ്പോള്‍ നായ്ക്കളെ വിരട്ടാനല്ല, നടക്കന്‍ തന്നെയാണ് ഊന്നുവടി ഉപയോഗിച്ചിരുന്നത്. ഏതെങ്കിലും നായ കുരച്ചുവന്നാല്‍ അവയെനോക്കി നിശ്ചലമായി നില്‍കാറെയുള്ളു മഴസ്വാമിയിപ്പോള്‍. കുറച്ച് സമയം വട്ടം ചുറ്റി നായ തിരിച്ച് പോകുന്നതുവരെ അങ്ങനെ അനങ്ങാതെ നിശ്ബദ്ദനായി നില്‍ക്കും. മൌനത്തിന്റെ ഭാഷ തികച്ചും വശമാക്കിയ മഴസ്വാമിയിപ്പോള്‍ ആ ഭാഷയിലായിരിക്കണം മ്രഗങ്ങളോട് സംസാരിച്ചിരുന്നത്.

പിന്നെത്തെക്കൊല്ലത്തെ മഴക്കാലം അതികഠിനമായിരുന്നു.മഴ തോരാതെ പെയ്തു, ദിവസങ്ങളോളം. ആറും തോടും കരകവിഞ്ഞു. പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വടക്കെ പറമ്പിനരികിലൂടെ മഴക്കാലത്തുമാത്രം കിനിഞ്ഞൊഴികിയിരുന്ന കരത്തോട് കലങ്ങിമറിഞ്ഞ് പരന്നോഴികി. മരങ്ങള്‍ കടപുഴകി വീണു. കരഞ്ഞ് തീര്‍ത്ത മേഘങ്ങളുടെ വേദന ഭൂമിയേറ്റുവാങ്ങി. പെയ്ത് പെയ്ത് മഴ തീര്‍ന്നു.കരത്തോട് തെളിഞ്ഞോഴുകി പിന്നെയുംകുറേനാള്‍. മഴവെള്ളം കൊണ്ടുവന്ന വെള്ളാരംകല്ലുകള്‍ പെറുക്കി ആര്‍ക്കണ് കൂടുതലെന്ന് മത്സരിച്ചപ്പോള്‍ മഴസ്വാമിയെ നമ്മള്‍ മറന്നതുപൊലെയായി, ഒരിക്കലും ഓര്‍ത്തതെയില്ല. പിന്നെയൊരിക്കല്‍ വടക്കേ പറബില്‍ കളിച്ചുകൊണ്ടിരിക്കെ, ഉക്കില്‍ കരഞ്ഞ ശബ്ദ്ദം കേട്ട് ശംഖ് വിളിയാണെന്ന് തെറ്റിധരിച്ച് ഞങ്ങള്‍ പാടവക്കത്ത് പോയി കാത്തുനിന്നു. മഴസ്വാമിയെയും പ്രതീക്ഷിച്ച്. പക്ഷെ മഴസ്വാമി വന്നില്ല, പിന്നെയൊരിക്കലും. വര്‍ഷങ്ങള്‍ക്ക് ശേഷമിപ്പോള്‍ വെയിലത്ത് നടന്ന് ക്ഷീണിച്ച് വരുന്ന മഴസ്വാമിയുടെ വാടിയ മുഖം ഓര്‍മിച്ചെടുക്കാന്‍ എത്രശ്രമിച്ചിട്ടും എനിക്ക് കഴിയുന്നില്ല. ജീവിതത്തിന്റെ കുത്തോഴുക്കില്‍ മന‍സ്സില്‍ നിന്നും ചില മുഖങ്ങള്‍ എന്നെന്നേക്കുമായി ഒലിച്ച് പോയത് ചിലപ്പൊള്‍ വളെരെ വൈകിയാവും നാമറിയുന്നത്. മഴസ്വാമിയുടെ മുഖം ഓര്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഒരു വലമ്പിരി ശംഖാണ് മനസ്സില്‍ തെളിഞ്ഞ് വരുന്നത്. എങ്കിലും മഴസ്വാമി നല്‍കിയ ഭസ്മത്തിന്റെ സുഗന്ധം ഇപ്പോഴും മനസ്സില്‍ പച്ചയായിത്തന്നെയുണ്ട്. കര്‍പ്പൂര മണമുള്ള ഭസ്മം മാത്രമായിരുന്നല്ലോ മഴസ്വാമി ന‍ല്‍കിയ ഒരേയോരു പ്രസാദവും. ഒരുപക്ഷേ ആ സുഗന്ധം മാത്രമായിരിക്കാം മഴസ്വാമിയുടെ ഓര്‍മ്മയും.

13 comments:

Asok said...

മഴസ്വാമി ഒരു സന്യസിയോ ഭിക്ഷക്കാരനൊ ആയിരുന്നില്ല.
വിധിവൈപരീത്യം കൊണ്ടോ കര്‍മഫലം കോണ്ടോ എതിനുരണ്ടിനുമിടയിലായിപ്പോയ ഒരു സാധു മനുഷ്യനയിരുന്നു അയാള്‍

ittimalu said...

അശോക്.... എനിക്കുമുണ്ട്... ഇതുപോലെ കുറെ കഥാപാത്രങ്ങള്‍ .. ഇതു വായിച്ചപ്പോള്‍ അവരെ ഞാനും ഓര്‍ത്തു.. അവരെവിടെ ആവും .. ഭൂമിക്കു മുകളില്‍ ഉണ്ടാവാന്‍ സാധ്യതയില്ല... എന്തൊക്കെ കഥകളായിരുനു അവരെകുറിച്ചു.. അന്നത്തെ കഥയില്ലായ്മകള്‍ ഓര്‍ക്കുമ്പോള്‍ ..

ittimalu said...

അശോക്.... എനിക്കുമുണ്ട്... ഇതുപോലെ കുറെ കഥാപാത്രങ്ങള്‍ .. ഇതു വായിച്ചപ്പോള്‍ അവരെ ഞാനും ഓര്‍ത്തു.. അവരെവിടെ ആവും .. ഭൂമിക്കു മുകളില്‍ ഉണ്ടാവാന്‍ സാധ്യതയില്ല... എന്തൊക്കെ കഥകളായിരുനു അവരെകുറിച്ചു.. അന്നത്തെ കഥയില്ലായ്മകള്‍ ഓര്‍ക്കുമ്പോള്‍ ..

Asok said...

ittimalu - that is true, there might be many people like this. I wrote this originally in english and published sometime ago and in response one person send me a e-mail about a 'kudu-kudu pandi swami' he knew as a child.Thanks anyway.

original story :http://asok-story.blogspot.com/2006/07/mazharain-saint-is-story-written-about.html

ittimalu said...

Asok... Thank You...

Ambi said...

പണ്ട് വിഷ്ണുമാഷ് എഴുതിയിരുന്നു ബ്ലോഗ് ലോകത്തിലെ ചില തുരുത്തുകളെക്കുറിച്ച്..
ഇന്ന് എനിയ്ക്കീ പ്രൊഫൈല്‍ വഴിയൊന്ന് കറങ്ങാന്‍ തോന്നിയിരുന്നെങ്കിലീ പോസ്റ്റ് നഷ്ടപ്പെടുമായിരുന്നല്ലോ..:)

നല്ല പോസ്റ്റ്..
എനിയ്ക്കൊരു സഹമുറിയനുണ്ട്..അവനും അശോക് തന്നെ..അവന്‍ പറയും ഇതുമാതിരി..എന്നുപറഞ്ഞാല്‍ എപ്പോഴും അവന്‍ പറയാറുള്ള കഥകളിലൊന്നാണിത്..

മഴസ്വാമിയല്ല..

ചെട്ടികുളങ്ങര ഭഗവതിയുടേ ഭക്തയായ, വീടുവീടാന്തോറും മോര് വില്‍ക്കുന്ന മോരുവല്ല്യമ്മ..

അവന്റെ നറേഷനും ഇതുപോലെ തന്നെ..കുട്ടികളുടേ ലോകത്താണവര്‍ ജീവിയ്ക്കുന്നത്..അവസാനം വരവിന്റെ ഫ്രീക്വന്‍സി കുറഞ്ഞതും എല്ലാം ഇതു പോലെ തന്നെ..

നന്നായിട്ടുണ്ട് മലയാളത്തില്‍ കൂടുതലുമെഴുതണേ.
(എനിയ്ക്ക് ഇംഗ്ലീഷ് വായിയ്ക്കാന്‍ മടിയാണ്)
:)

sandoz said...

വായിച്ചു......നല്ല ഭാഷ...അഭിനന്ദനങ്ങള്‍...............

വേണു venu said...

അശോകേ വായിച്ചു, മഴസ്വാമിയുടെ നല്ലൊരു ചിത്രം ഒരു കൊച്ചു നൊമ്പരത്തില്‍ പൊതിഞ്ഞുതന്നതു് ആസ്വദിക്കാനായി.ഇതേ കഥാപാത്രങ്ങള്‍ മറ്റു പേരുകളില്‍ മനസ്സില്‍ മരിക്കാതെ നില്‍ക്കുന്നതു കൊണ്ടാകാം. അഭിനന്ദനങ്ങള്‍.:)

സഞ്ചാരി said...

nayeeme4u

സഞ്ചാരി said...

തെരുവുകളിലും,നമ്മുടെ വീട്ടുപടിക്കലും. കണ്ടുമുട്ടുന്ന ഇത്തരം കഥാപാത്രങ്ങളുടെ പശ്ചാതലത്തെപ്പറ്റി നമ്മളാരും കൂടുതലറിയാന്‍ മെനക്കെടാറില്ല. അവരെങ്ങിനെ അങ്ങിനെയായി.
ചെറുപ്പത്തില്‍ കാണുന്ന ഇത്തരം കഥാപാത്രങ്ങളിലെ ഏതെങ്കിലും ഒരു പ്രത്യേകത നമ്മളുടെ കുഞ്ഞു മനസ്സുകളെ വല്ലാതെ ആകര്‍ഷിക്കുകയും ഓര്‍മ്മകളിലെ അഭിഭാ(വാ?)ജ്യകടകമായി മാറുകയും ചെയ്യുന്നു.

കൃഷ്‌ | krish said...

മഴസ്വാമി വായിച്ചിരുന്നു. ഇങനെയെന്തെല്ലാം വേഷങള്‍.

കരീം മാഷ്‌ said...

നല്ല പാത്ര സൃഷ്ടി.
ഇനിയും കൂടുതല്‍ എഴുതുക

ചിത്രകാരന്‍::chithrakaran said...

Asok,
മഴ സാമി വായിച്ചു. വീണ്ടും കാണാം.