Friday, May 4, 2007

ചതി.

“നീയാ ചെറുക്കന്റെ മുഖത്തോട്ടൊന്ന് നോക്ക്. അപ്പോ മനസ്സിലാകും.“
പതഞ്ഞൊഴുകുന്ന തോട്ടിലേക്ക് ചെറുകല്ലുകള്‍ വലിച്ചെറിഞ്ഞ് അലക്ഷ്യമായ് നടന്ന് വരുന്ന കുട്ടിയെ ചൂണ്ടിയാണ് നാഗ് പറഞ്ഞത്. ശബ്ദ്ദമുയര്‍ത്തി എന്നല്‍ നിസംഗനായിട്ടാണ് അയാള്‍ സംസാരിച്ചിരുന്നത്.
“നോക്ക് ആ നടത്തം പോലുമതുപോലെ തന്നെ. പിറന്ന് വീണതുമുതല്‍ രൂപവും ഭാവവുമൊക്കെ ഇതുതന്നെയായിരുന്നത്രേ.”

“നിനക്കറിയില്ല. എട്ട് വര്‍ഷങ്ങള്‍..... “ അയാളുടെ കണ്ണുകള്‍ കലങ്ങുകയും ശബ്ദ്ദം ഇടറുകയും ചെയ്തു.
എന്റെ നേരുകാണാന്‍ ആളില്ലായിരുന്നു. അല്ലങ്കിലുമതങ്ങനെയാണ്, സഹതാപത്തിന്റെ തിമിരത്തില്‍ സത്യം വേട്ടയാടപ്പെടും.
പാവം കൊച്ചുപെണ്ണല്ലേ, സുഖമില്ലാത്തവളല്ലേ, എന്നോക്കെയാണ് സന്ധ്യ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ എല്ലാരും പറഞ്ഞത്.
അവര്‍ക്ക് അവളെക്കുറിച്ചെന്തറിയാം? നാഗിന്റെ ശബ്ദ്ദമുയര്‍ന്നു.
രോഗിയാണ്, ഹൃദയത്തിലൊരു തുളയുണ്ടെന്നക്കെയല്ലേ എല്ലാരേയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.
പച്ചകള്ളം!! പതിമൂന്ന് വയസ്സായപ്പോള്‍ താമസിച്ചിരുന്ന അനാഥാലയത്തില്‍ നിന്ന് പുറത്താക്കിയതാ...
പെഴച്ച് പോയത്തീങ്ങളെയൊന്നും അവരവിടെ നിറുത്തൂല.... റബര്‍ത്തോട്ടത്തിന് നടുക്കുള്ള പൊളിഞ്ഞ ഷെഡ്ഡില്‍ വച്ച് ആദ്യം തൊട്ടപ്പോഴേ എനിക്കറിയാമായിരുന്നു, തെറിച്ച വിത്താണന്ന്.
പതിമൂന്ന് കഴിഞ്ഞിട്ടേയുള്ളു എന്നോന്നും കണ്ടാലാരും പറയത്തില്ല. നിറഞ്ഞ നെഞ്ചും കൊഴുത്ത ദേഹവും. ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കും, അതാണ് പ്രകൃതം.
അല്ലങ്കില്‍ തന്നെ തന്തയും തള്ളയും ജീവിച്ചിരിക്കുമ്പോള്‍ ഇതിനെ അനാഥാലയത്തിലാക്കിയതെന്തിനാ ....പണം പിടുങ്ങാന്‍............ഏതോ ഒരു വിദേശി സായിപ്പ് പൈസ അയച്ച് കൊടുക്കുമായിരുന്നു... അത് പറ്റാന്‍.
നിനക്കറിഞ്ഞുകൂട...... ഇവിടെയാര്‍ക്കുമറിഞ്ഞുകൂട, അവളുടെ കുടുംബത്തെക്കുറിച്ച്.
അവളുടെ അമ്മയുടെ അനിയത്തി ഒരു തെരുവ് വേശ്യയാണ്... കൂത്തിച്ചികൂട്ടങ്ങളാണെല്ലാം.
എട്ടുമാസം, വയറ്റിലുള്ള കാര്യം, അവള് സ്വന്തം തള്ളേടെ കണ്ണീന്ന് പോലും മറച്ച് വച്ചു... വെറും പതിനറ് വയസുള്ള പെണ്ണാണുപോലും.

നാഗ് അവന്റെ ഭാഗം ന്യായീകരിക്കുകയായിരുന്നു. ഒരുപക്ഷേ അവന്റെ കഥ കേള്‍ക്കാന്‍ ഇതുവരെ ആരെയും കിട്ടിയിട്ടുണ്ടാവില്ല. അവിഹിത ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ ഗ്രാമം വിട്ട് ഓടി പോയതാണയാള്‍, ഇന്നേയ്ക്ക് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ.
അന്ന് ഈ കഥ നാട്ടില്‍ പാട്ടാ‍യിരുന്നു. വീടിന്റെ കോലായിലിരുന്നും, കവലമുക്കില്‍ കൂട്ടം കൂടിനിന്നും ആളുകള്‍, വാര്‍ത്തകള്‍ കിളിര്‍ക്കാത്ത നാട്ടു മണ്ണിന്റെ വിരസതയകറ്റാനെന്നോണം, ഇതിനെക്കുറിച്ച ത്തന്നെ പറഞ്ഞ്കൊണ്ടേയിരുന്നു, ദിവസങ്ങളോളം.

സന്ധ്യയുടെ അച്ഛന്‍ അപ്പു തന്നെയാണ് ആദ്യം സംഗതി പുറത്ത് പറഞ്ഞത്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു പോഴനായിരുന്നു അയാള്‍. വീട്ടിലിരിക്കുന്ന പെണ്ണുങ്ങളുടെ പോക്കുകേടില്‍ ഒരു ലജ്ജയുമില്ലാതെ, ആരെങ്കിലുമതിനെക്കുറിച്ച് ചോദിച്ചാല്‍ വെറുതെ ഇളിച്ച് കാട്ടുകമാത്രം ചെയ്യുന്ന ഒരു പാഴ്ജ്ന്മം. നല്ല ചൂടുള്ള ഒരുച്ച നേരമായിരുന്നു, കവലയിലെ കടത്തിണ്ണയില്‍ കയറിനിന്ന് അയാള്‍ പറഞ്ഞു.
“ ആ പട്ടീടെ മോന്‍ പെഴപ്പിച്ച് കളഞ്ഞെന്റെ മോളെ... പെണ്ണിപ്പം വയറ്റിച്ചൂലിയാണ്. ..എട്ട് മാസം.”
ആരോ പറഞ്ഞേല്‍പ്പിച്ചതു പോലെയാണ് അയാള്‍ ഇത്രയും പറഞ്ഞത്. പാതിയെരിഞ്ഞ സിഗരറ്റ് അയാളുടെ കൈവിരലുകള്‍ക്കിടയിലിരുന്ന് വിറച്ചു. ചുവന്ന കണ്ണുമായി ചുട്ട് പഴുത്ത് കിടന്ന റോഡിലേക്ക് നോക്കി അയാള്‍ പറഞ്ഞ് തീര്‍ത്തു.
“എന്റെ മോള്............നെഞ്ഞ് വയ്യാത്ത പെണ്ണാണ്...”
അതു പറഞ്ഞപ്പോള്‍ പശുവിന്റെ നേര്‍ത്ത ഒരു അമറല്‍ പോലെയാണ് അയാളില്‍നിന്നും ശബ്ദ്ദം പുറത്ത് വന്നത്.

നാഗ് ഇതിനകം തന്നെ സ്ഥലം വിട്ടിരുന്നു. അവന്‍ ഈ വാര്‍ത്ത നേരത്തെ സന്തുവില്‍ നിന്നും അറിഞ്ഞതാണ്. “ആ കൂത്തിച്ചിക്ക് വയറ്റിലായി...... നിന്റെ പേരാണ് പറയുന്നത്..” എന്നായിരുന്നു സന്തു ഓടിവന്ന് പറഞ്ഞത്. ആരാണെന്നോ എന്താണെന്നോ നാഗ് ചോദിച്ചില്ല.
“ നീ മാത്രമേ തൊട്ടിട്ടുള്ളു എന്ന് അവള്‍ ആണയിട്ട് പറഞ്ഞു.. ഓടിക്കോ..ഓടി രക്ഷപ്പെടുന്നതാണ് നല്ലത്.” ഒറ്റ ശ്വാസത്തിലാണ് സന്തു പറഞ്ഞ് തീര്‍ത്തത്. അതു തന്നെയാണ് നാഗ് ചെയ്തതും. കൈയില്‍ കിട്ടിയ കാശുമെടുത്ത് ഓടി. മറ്റോന്നും അപ്പോള്‍ മനസ്സില്‍ തോന്നിയില്ല. സന്തുവിന്റെ ശബ്ദ്ദത്തില്‍ ഉപദേശമായിരുന്നോ, ആജ്ഞയായിരുന്നോ!! വളരെ കര്‍ക്കശമായിട്ടാണ് അവന്‍ പറഞ്ഞത്, ഓടാന്‍. ഒരു വിധേയനെപ്പോലെ താനവനെ അനുസരിക്കുകയായിരുന്നു.
അവിടെയാണ്.............. അവിടെയാണ് അവന്‍ ജയിച്ചതും, ഞാന്‍ പരാജയപ്പെട്ടതും.

ടൌണ്‍ ബസ്റ്റാന്റിലെത്തിയിട്ടും എങ്ങോട്ട് പോണമെന്ന് ഒരൂഹവുമില്ലായിരുന്നു. കുറച്ച് സമയം ഒരു തെരിവുനായെപ്പോലെ ചുറ്റിതിരിഞ്ഞു. ഇടത് കാല്‍ വിരല്‍ എവിടെയൊ തട്ടിമുറിഞ്ഞ് രക്തമൊഴുകുന്നുണ്ടായിരുന്നു. നിന്നിടത്ത് രക്തം ഒഴുകി പടരുന്നത് കാണുന്നതുവരെ കാലുമുറിഞ്ഞകാര്യം അറിഞ്ഞിരുന്നില്ല. വേദനയുമില്ലായിരുന്നു. അനിശ്ചിതത്വം ഒരു മരവിപ്പായി മേലാകെ ഗ്രസിച്ചിരുന്നു. വേനല്‍ കാറ്റ് വരണ്ട മണ്ണിനെ കടഞ്ഞ് പൊടിപറത്തി അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു. കുറ്റപ്പെടുത്തലിന്റെ സൂചിമുനകള്‍ മുഖത്ത് കുത്തി പോള്ളിക്കുകയാണ് സൂര്യന്‍. രക്തം നില്‍ക്കുന്നില്ല. കാല്‍ വിരലിന്റെയറ്റം അടര്‍ന്ന് രക്തത്തിലും പൊടിയിലും കുതുര്‍ന്ന് തൂങ്ങി കിടക്കുന്നു. മുറിച്ച് കളയാന്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍..പെട്ടന്നാണ് പുതുക്കോട്ടയ്കുള്ള ബസ്സ് കണ്ടത്. അമ്മയുടെ അകന്ന ബന്ധത്തിലുള്ള ചിലര്‍ അവിടെയുണ്ട്. വയസായ ഒരു തള്ളയും അവരുടെ ഒരേയോരു മോനും. വലിയ അടുപ്പമില്ലങ്കിലും നല്ല മനുഷ്യരാണ്.

സന്ധ്യയ്ക്ക് കയറിചെന്നപ്പോള്‍ എന്തിനാണ് വന്നതെന്ന് പോലും ആരും ചോദിച്ചില്ല. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാനരെയോ കൊന്ന് പോലീസില്‍ നിന്ന് ഒളിച്ച് കഴിയുകയാണെന്നാണ് അവര്‍ കരുതിയത്. പിന്നെയൊരിക്കല്‍ നദിയില്‍ കുളിക്കാന്‍ പോയപ്പോള്‍ തള്ളയുടെ മകനോട് കാര്യം പറഞ്ഞു. ആഴ്ചകളൊളം ഞാനവിടെ കഴിഞ്ഞു. സംഗതി പൊലീസ് കേസായെന്നും ആകയുള്ള കിടപ്പാടം പണയപ്പെടുത്തി അച്ഛന്‍ കേസോതിക്കിതീര്‍ത്തെന്നും പിന്നിടറിഞ്ഞു. കിടപ്പാടം പോയങ്കില്‍ പോട്ടെ, എങ്ങനെയെങ്കിലും ഇതില്‍നിന്നോന്ന് രക്ഷപ്പെടണമെന്ന് മാത്രമായിരുന്നു ചിന്ത. ജീവിക്കുമ്പോള്‍ നേരെ ചെവ്വേ ജീവിച്ചില്ലങ്കില്‍, ഭുതകാലം നാളെ നമ്മളെ തേടി വരും. ചീര്‍ത്ത് ചാളുവായു ഒലിപ്പിച്ച്, ഒരു് പേപ്പട്ടിയെ പോലെ. അപ്പോള്‍ ഓടാന്‍ മാത്രമേ പറ്റു.പിന്നെ അരോ പറഞ്ഞു, സന്ധ്യ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചെന്നും, അത് സന്തുവിന്റെ തനി പകര്‍പ്പാണെന്നും. അതാണ് ഞാന്‍ പറഞ്ഞത്, ഞാന്‍ ഓടിയപ്പോള്‍ ജയിച്ചത് അവനായിരുന്നെന്ന്. ഓടി പോയവന്‍ തന്നെ ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് അവന്‍ നാടുമുഴുവന്‍ പറഞ്ഞ് നടന്നു. എല്ലാം വ്യക്തമായി അവന്‍ പ്ലാന്‍ ചെയ്തിട്ടുണ്ടാവും. നാണംകെട്ട് നാട് വിട്ടോടുന്ന അവസ്ഥ നിനക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല. ജിവിതം ഭയപ്പെടുത്തിയപ്പോള്‍ മരണം ആശ്വാസമാകുമെന്ന് കരുതി തള്ളി നീക്കിയ ദിവസങ്ങള്‍..നിനക്കത് പറഞ്ഞാല്‍ മനസ്സിലാകില്ല.

മണിക്കൂറുകള്‍ക്ക് ദൈര്‍ഘ്യമേറിയ ദിവസങ്ങള്‍, എണ്ണവും പ്രത്യേകതകളുമില്ലാതെ നാളുകള്‍ കൊഴിഞ്ഞ് കൊണ്ടേയിരുന്നു. സമീപത്തെ നിറഞ്ഞോഴുകുന്ന നദിയും അതിന്റെ സംഗീതവും ഒരാശ്വാസമായിരുന്നു. വൈകുന്നേരങ്ങളില്‍ ചാഞ്ഞ് പെയ്യുന്ന ചുവന്ന വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന് പുഴ, ശ്രദ്ധിച്ചാല്‍, നമ്മേ അതിലേക്ക് വിളിക്കുന്നത് കേള്‍ക്കാം. ഒരിക്കല്‍ മഴകഴിഞ്ഞ് ആറ്റില്‍ കുളിക്കാനിറങ്ങിയ ഞാന്‍ മുങ്ങി പോയി. മൂക്കിലും വായിലും വെള്ളം കേറി, മഞ്ഞിച്ച് കലങ്ങിയ വെള്ളം ഒരുപാട് കുടിച്ചു. വെള്ളം ശ്വാസനാളങ്ങളടച്ചു. നെഞ്ചിന് വല്ലാത്ത ഭാരം. കൈകാലുകള്‍ അനങ്ങാതെയായി. ഹൃദയം നിശ്ചലമായി. മരണത്തിന്റെ കൈയ്യുകള്‍ എന്നെ തോടുന്നതായും, ആ കൈയ്യുകളുടെ സാന്ത്വനം ഞാനാഗ്രഹിക്കുന്നതായും തോന്നി. അപ്പോള്‍ ഒരു നിമിഷം, എന്തിനോ എങ്ങനെയോ സന്തുവിന്റെ ചിരിക്കുന്ന മുഖമാണ് മനസ്സില്‍ മിന്നിയത്. പെട്ടന്നു വൈദ്യുതാഹാതമേറ്റതുപോലെ, ഹൃദയമിടിച്ചു. വയറില്‍ നിന്നും കൈകാലുകളിലേക്ക് ഇടിമിന്നലിന്റെ ശക്തി ഇരച്ച് കയറി. കൈയ്യും കാലും ശക്തമായി ചലിപ്പിച്ചപ്പോള്‍ പുഴ വഴി മാറി. അല്ലെങ്കിലും, വിധിയിടെ അലംഖനീയതെയേയും അതിന്റെ കാവലളായ എന്നേയും തടുക്കാന്‍ ഒരു നദിക്കാവില്ലല്ലോ. കാലുകള്‍ നിലത്തു മുട്ടിയപ്പോള്‍ എണീറ്റ് നടന്നു. മൂക്കിലും വായിലും വെള്ളം കേറിയതിന്റെ ശക്തമായ വിമ്മിഷ്ടം. ചുമക്കുകയും കാറുകയും ചെയ്തു. എങ്കിലും അജ്ഞാതമായ ഒരു ശക്തിയില്‍ കാലുകള്‍ ചലിച്ച് കോണ്ടിരുന്നു. ഒഴുക്കുന്ന നദി കാലമാണ്. അതാണ് പാതി ജീവന്‍ പകര്‍ന്ന് തന്ന് എന്നെ കരകയറ്റിയത്.....പാപകര്‍മ്മത്തിന്റെ കണക്ക് തീര്‍ക്കാന്‍, വിധിയുടെ കാവല്‍ക്കരനാകാന്‍.

നിരനിരയായിരിക്കുന്ന ഇറച്ചി കടകള്‍ക്ക് എതിരെ, മൂര്‍ച്ചയുള്ള കത്തികള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന കടവരെ നടന്നു. ഒന്‍പതിഞ്ച് മതിയാകും, വജ്രത്തിന്റെ ഉറപ്പ് വേണം.., കൈയ്ക്കെടുത്ത് വീശുമ്പോള്‍ വൈഡൂര്യം പോലെ തിളങ്ങണം. നെഞ്ചില്‍വച്ചമര്‍ത്തുമ്പോള്‍ മാറെല്ല് പിളര്‍ന്ന് അകത്തു പൊണം. മൃഗത്തിന്റെ കൊമ്പ് കോണ്ട് പിടികെട്ടിയ, പള പളാ തിളങ്ങുന്ന ഒരെണ്ണമാണ് അയാള്‍ ആദ്യം തന്നെ എടുത്ത് നീട്ടിയത്. പിടി കത്തിയുമായി ചേരുന്നിടത്ത് വിചിത്രവും മനോഹരവുമായെന്തോ ഒന്ന് കൊത്തി വച്ചിരിക്കുന്നു. കത്തിയെടുത്ത് കൈയ്യില്‍ പിടിച്ചപ്പോള്‍, എണ്ണ പുരണ്ട കടലാസില്‍ തീയാളുമ്പോലെ, ഒര് തരിപ്പ് ശരീരമാസകലം പടര്‍ന്ന് പിടിച്ചു. ഒന്‍പതിഞ്ച് ധാരാളം മതി. എന്നാല്‍ ഊക്ക് വേണം, പിടിവരെ കുത്തിയിറക്കാന്‍ കെല്‍പ്പുള്ള ഊക്ക്. ഇടത് നെഞ്ചിന് താഴെ വാരിയെല്ലുകള്‍ക്കിടയിലൂടെ, ഒന്‍പതിഞ്ചും ആഴ്നിറങ്ങണം. കത്തിക്ക മൂര്‍ച്ച വേണം, പിന്നെ അമര്‍ത്തി പിടിയ്കാന്‍ കൈകള്‍ക്ക് കരുത്ത് വേണം. ഊര്‍ദ്ധന്‍ പോകുന്നത് വരെ കുതറാന്‍ വിടാതെ പിടിക്കണം, പിടയാന്‍ വിടരുത്. തല തിരിച്ച് കഴുത്തോടിയുന്ന ശബ്ദ്ദം കേട്ടാ‍ലും, ചത്തെന്നുറപ്പ് വരുന്നത് വരെ, കൊല്ലാന്‍ പോകുന്ന കോഴിയിടെ ചിറകുകളും, കാലും ചവിട്ടി പിടിക്കും പൊലെ. അല്ലെങ്കില്‍ ഒടിഞ്ഞ് തൂങ്ങിയ കഴുത്തുമായി അതു ചിറകിട്ടടിച്ച്, കുത്തി മറിയും...അതു അലോസരപ്പെടുത്തുന്ന കാഴ്ചയാണ്...... അതുകൊണ്ട് പിടയാന്‍ വിടരുത്, അമര്‍ത്തി പിടിക്കണം.... പ്രാണന്‍ അവസാന ശ്വാസത്തില്‍ അലിഞ്ഞ് തീരും വരെ...

നീ കരുതുന്നുണ്ടോ ഞാന്‍ പറയുന്നത് പ്രതികാരമാണന്ന്? ഇല്ല. ഇത് വിധിയാണ്. അല്ലങ്കില്‍ ഈ ചെറുക്കന് എങ്ങനെയീ മുഖം കിട്ടി. ഉറപ്പാണ്. തടുക്കാന്‍ പറ്റാത്ത വിധി.
നീ വന്നുവെന്ന് കേട്ടാ‍ണ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ഞാനിവിടെ വന്നത്. ഇത്രയും കാലം ഞാനലഞ്ഞ് തിരിഞ്ഞു. പല നാടുകള്‍ കണ്ടു. പല ജോലികള്‍ ചെയ്തു. നിനക്കറിയാമോ, എനിക്കിപ്പോള്‍ സര്‍ക്കാര്‍ ജോലിയുണ്ട്. നാഗിന്റെ ശബ്ദ്ദം പതിഞ്ഞ് വന്നു.

നീയാ ചെറുക്കനെ നോക്ക്. ഈ നായിന്റെ മോന്‍ ആ സന്തുവിന്റെ വിത്താണ്. ഇവന്റെ ജന്മത്തിന് ഞാനെന്റെ എട്ട് വര്‍ഷങ്ങള്‍ ദാനം കോടുത്തു. തന്തയില്ലാത്ത ഈ ജന്തുവിനെ ഒന്നു കാണാനാണ് ഞാനിവിടെ വന്നത്. നീയവന്റെ കണ്ണുകള്‍ ശ്രദ്ധിച്ചോ? പുകയൂതുമ്പോള്‍ കനയ്ക്കുന്ന കനലുപോലെ എന്തോ ഒന്ന് അവിടെ തിളങ്ങുനില്ലേ? വിധിയുടെ കനലാട്ടം, അതു കാണാനണ് ഞാന്‍ വന്നത്. എന്നും കണ്ണാടി നോക്കുമ്പോള്‍ കാണുന്നത്ത് ആരുടെ രൂപമാണെന്ന് ഇന്നവനറിയാം. ഇവന്റെ കരളിലെ കനലുകള്‍ക്ക് ഞാന്‍ പുകയൂതും. പിന്നെ കാത്തിരിക്കും, ഇവന്റെ കൈയ്യുകള്‍ എന്റെ കത്തി പിടിക്കാറാകും വരെ. ഇവന്റെ കൈത്തണ്ടയ്ക്ക് , ഒന്‍പതിഞ്ചും കുത്തിയിറക്കി പിടയാന്‍ വിടാതെ അമര്‍ത്തി ഞരിക്കാനുള്ള കരുത്താര്‍ജിക്കും വരെ. .....
അതെ ഞാന്‍ കാത്തിരിക്കും.............. വിധിയുടെ കാവല്‍ക്കാരനെ പോലെ.......

22 comments:

അശോക് said...
This comment has been removed by the author.
അശോക് said...

ഇവന്റെ കരളിലെ കനലുകള്‍ക്ക് ഞാന്‍ പുകയൂതും. പിന്നെ കാത്തിരിക്കും, ഇവന്റെ കൈയ്യുകള്‍ എന്റെ കത്തി പിടിക്കാറാകും വരെ

പിന്നെ കാത്തിരിക്കും........

തറവാടി said...

അശോകേ ,

വായിച്ചു , എന്നാല്‍ എഴുത്ത് കുറച്ച് പരന്നു പോയോ എന്നൊരു സംശയം ,

വല്ലാതെ പരത്തുമ്പോള്‍ വായനാസുഖം നഷ്ടപ്പെടുമെന്നെന്‍റ്റെ അഭിപ്രായം :)

Pramod.KM said...

അവസാനത്തെ വാചകങ്ങള്‍ മനോഹരമായിരിക്കുന്നു.പക എന്ന് ആണ്‍ കഥയുടെ പേരെങ്കില്‍ കുറച്ചു കൂടി നന്നാകുമായിരുന്നു എന്നെനിക്കു തോന്നുന്നു;)

Areekkodan | അരീക്കോടന്‍ said...

നന്നായി...

അശോക് said...

തറവാടി,
വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.എനിക്കും തോന്നിയിട്ടുണ്ട് ഈ അഭിപ്രായം, പ്രതേകിച്ചും, ചില നോവലുകള്‍ വായിക്കുമ്പോള്‍ (One Hundred Years of Soilitude-വായിച്ചപ്പോള്‍ പോലും തോന്നി).

കഥയില്‍ പ്രാധാന കഥയ്ക്കും കഥാപത്രങ്ങള്‍ക്കുമോപ്പം മറ്റുചിലതുകൂടി പറയേണ്ടി വരുമ്പോള്‍ (ഉദാ. കാലത്തെ കുറിച്ച്,സ്ഥലത്തെ കുറിച്ച്, മാനസിക തലങ്ങളെ കുറിച്ച്) ഒരു ശരാശരി അനുവാചകന് തോന്നാവുന്നതാണിത്.

മാത്രമല്ല, ഈ ബ്ലോഗ് എഴുത്തിന് ചില പരിമിതികളും ഉള്ളതായി തോന്നുന്നു. എഴുതുന്നതെന്തായാലും അതികം ദീര്‍ഘിപ്പിക്കാന്‍ പാടില്ല എന്നോരു മുന്‍ വിധിയും, കാരണം ആര്‍ക്കാ വയിക്കന്‍ സമയം.

എങ്കിലും എന്റെ എളിയ അഭിപ്രായം, സാ‍ഹിത്യമായലും, കലയായാലും,ലേഖനങ്ങളായലും. അവയെ ബ്ലോഗിന്റെ ഇപ്പോഴത്തെ നിലവാരത്തില്‍ കൊണ്ടു വാരുന്നതിനെ കാള്‍ അഭികാമ്യം ബ്ലോഗിനെ കൈപിടിച്ച് മുകളിലേക്ക നടത്തുന്നതാണ്.

എന്ന് വച്ച് ഞാന്‍ എഴുതിയത് കെങ്കേമം എന്നോ, ഞാന്‍ സാ‍ക്ഷാല്‍ ഒ.ഹെണ്ട്രിയുടെ നേരളിയനാണെന്നോ അര്‍ത്ഥമില്ല കേട്ടോ.

ഒന്നുകൂടി നന്ദി..തറവാടിക്കും, പ്രമോദിനും, അരിക്കോടനും.

തറവാടി said...

അശോക്‌,

ഒരു വിഷയം കഥയായോ കവിതയായോ അവതരിപ്പിക്കുമ്പോള്‍ ,

എഴുത്തുകാരനുണ്ടാകുന്ന വികാരവിചാരങ്ങള്‍ അതേ അളവില്‍

വായനക്കാരനില്‍ ഉണ്ടാകുമ്പോള്‍ കൃതി അതിണ്റ്റെ ഉത്തരവാദിത്വം നിറവേറ്റി എന്നേ ഞാന്‍ പറയൂ.

എന്നാല്‍ ,

അനുവാചകന്‌ കൂടുതല്‍ മാനം നല്‍കുന്നതോടെ ഉദാത്തമായ കൃതി എന്നും.

അമിത വിവരണങ്ങളും ,

ഉപമകളും അനുവാചകന്‍റ്റെ ചിന്തകളെ തളച്ച്‌ ,
കഥാകാരണ്റ്റെ ചിന്തകളെ അടിച്ചേല്‍പ്പിക്കന്‍ ശ്രമിക്കുന്ന അവസ്ഥ സംജാതമാകുകയും

വായനാ സുഖം കുറക്കുകയും ചെയ്യുന്നു.

അമിത വിവരണവും ഉപമകളിലൂടെയുള്ള പ്രകാശനം എഴുത്തുകാരന്‍റ്റെ കഴിവ്‌ കേടായാണ്‌ ഞാന്‍ കാണുന്നത്‌.

അതേ സമയം ,

അമിത വിവരണത്തേയും , ഉപമകളേയും മനോഹരമായി അവതരിപ്പിക്കുന്ന
എഴുത്തുകാരുണ്ട്‌ ഇവയാകട്ടെ കൃതിയുടെ ആഭരണങ്ങളായി നിലനില്‍ക്കുന്നു.

എല്ലാ തലത്തിലുള്ള അനുവാചകര്‍ക്കും പാകത്തിനെഴുതാന്‍ പറ്റില്ലെന്നതുപോലെതന്നെ ,

അനുവാചകന്‍റ്റെ മനോ നില അളക്കാന്‍ എഴുത്തുകാരനും അവകാശമില്ലെന്നാണ്‌ ഞാന്‍ വിശ്വസിക്കുന്നത്‌.

ഇത്ര വിശദമായ മറുപടി കരുതിയതല്ല , ആയിപ്പോയതാണ്‌ ,


പിന്നെ വായിച്ച്‌ അഭിപ്രായം പറയുക എന്നത്‌ വായനക്കാരന്‍റ്റെ അവകാശം ,

സ്വീകരിക്കേണ്ടത്‌ എഴുത്തുകാരന്‍റ്റെ ഇഷ്ടം, നല്ല എഴുത്ത്‌ എത്ര നീളമുണ്ടെങ്കിലും

വായിക്കും അതു ബൂലോകത്തായാലും പുറത്തായാലും ,

ബൂലോകത്തിനെ കൈപ്പിടിച്ചുയര്‍ത്തേണ്ട കാര്യമുണ്ടെന്നു കരുതുന്നില്ല ,

അതങ്ങ്‌ വളര്‍ന്നോളും ,

തനെ ..മെല്ലെ..

കൃതിയെക്കുറിച്ച്‌ നല്ലതല്ലാത്ത അഭിപ്രായം പറയുന്നവരെ ,

"ശരാശരി അനുവാചകന്‍"

എന്നരീതിയില്‍ പറയുന്നത്‌

എഴുത്തുകാരന്‍റ്റെ ധാര്‍ഷ്ട്യത്തെയാണ്‌ കാണിക്കുന്നത്‌.


പുറം ചൊറിയല്‍ അറിയാത്തതിനാല്‍ ,

മനസ്സില്‍ തോന്നിയ അഭിപ്രായം പറയുന്നു അത്രമാത്രം.

വല്യമ്മായി said...

നാഗിന്റെ മനോവ്യാപാരങ്ങള്‍ മനോഹരമായി പറഞ്ഞിരിക്കുന്നു.അഭിനന്ദനങ്ങള്‍.

Kaithamullu said...

.......അവസാനത്തെ വാചകങ്ങള്‍ മനോഹരമായിരിക്കുന്നു!
പ്രമോദിനോട് യോജിക്കുന്നു.

“.....എഴുത്ത് കുറച്ച് പരന്നു പോയോ എന്നൊരു സംശയം......“
എന്താ സംശയം, തറവാടി പറഞ്ഞതാ ശരി!

“.....നന്നായി!“
അതെ, അരീക്കോടാ!

“.....എന്ന് വച്ച് ഞാന്‍ എഴുതിയത് കെങ്കേമം എന്നോ, ഞാന്‍ സാ‍ക്ഷാല്‍ ഒ.ഹെണ്ട്രിയുടെ നേരളിയനാണെന്നോ അര്‍ത്ഥമില്ല കേട്ടോ.“
-ദേ, ഇതാണ് എളിമ!


“.....പുറം ചൊറിയല്‍ അറിയാത്തതിനാല്‍ ,
മനസ്സില്‍ തോന്നിയ അഭിപ്രായം പറയുന്നു അത്രമാത്രം.“
-ഞാന്‍ തറവാടിയോട് കൂടെ, വീണ്ടും!

എന്റെ അഭിപ്രായം?
-ദെ, ദദൊക്ക് തന്നെ!

Rasheed Chalil said...

പ്രമോദേ നല്ല കഥ. എനിക്ക് ഇഷ്ടമായി...
ഒന്ന് കൂടി ചുരുക്കിയെടുത്താല്‍ നന്നായിരിക്കും.
(ചൊറിഞ്ഞു കഴിഞ്ഞു)

Visala Manaskan said...

പ്രിയ അശോക്.

ചതി വായിച്ചു. നല്ല വായനയും എഴുത്തുഭാഷയും സ്വന്തമായുള്ള ആളാണെന്ന് മനസ്സിലായി.

അശോക് എഴുത്തിനെ വളരെ സീരിയസ്സായി കാണുന്ന ആളെന്ന നിലയില്‍, ഞാന്‍ എന്റെ അഭിപ്രായം പറയട്ടേ.

വിവരണം എനിക്കിഷ്ടമായി. പക്ഷെ, തറവാടി പറഞ്ഞപോലെ.. കുറച്ച് കൂടെ ഒതുക്കിപറയാമായിരുന്നു എന്ന് തോന്നി.

(ഇതെഴുതിയപ്പോള്‍ ‘നീ തന്നെ അതു പറയണം‘ എന്നെന്റെ മനസ്സ് എന്നെ നോക്കി കളിയാക്കി ചിരിച്ച് പറയുന്നു!)

:) ആശംസകള്‍!

Pramod.KM said...

ഇത്തിരിവെട്ടം|Ithiri said...
"പ്രമോദേ നല്ല കഥ. എനിക്ക് ഇഷ്ടമായി...
ഒന്ന് കൂടി ചുരുക്കിയെടുത്താല്‍ നന്നായിരിക്കും.
(ചൊറിഞ്ഞു കഴിഞ്ഞു)"
ഇത്തിരിവെട്ടം ചേട്ടാ...പുറം ചൊറിയുമ്പോള്‍ ആളെ നോക്കീ ചൊറിയണം.ഹഹ.ഈ കഥ എഴുതിയത് ഞാന്‍ അല്ല.ഇത് എഴുതിയത് അശോക് ചേട്ടന്‍ ആണ്‍.!!

Rasheed Chalil said...
This comment has been removed by the author.
Rasheed Chalil said...

അശോക് ഭായ് മുകളിലെ കമന്റിന്‍ അശോക് എന്ന് തിരുത്തി വായിക്കാന്‍ അപേക്ഷ... ഇഷ്ടമായി ഈ കഥ.


പ്രമോദേ ആള് മാറിയാണെങ്കിലും ചൊറിഞ്ഞതിന് ഒരു ഡാങ്ക്സ് പറയഡേയ്...

കുതിരവട്ടന്‍ | kuthiravattan said...

വളരെ നന്നായിരിക്കുന്നു.

വിഷ്ണു പ്രസാദ് said...

കഥ ആദ്യന്തം മനസ്സിരുത്തി വായിച്ചു.നന്നായി എഴുതിയിട്ടുണ്ട്.ക്രാഫ്റ്റില്‍ ഒന്നും അവകാശപ്പെടാനില്ലെങ്കിലും പരത്തിപ്പറഞ്ഞതായി എനിക്ക് തോന്നിയില്ല.

അശോക് said...

നന്ദി..എല്ലാര്‍ക്കും. അഭിപ്രായങ്ങള്‍ എന്തായാലും സ്വീകാര്യം തന്നെ.

ഒരുകാര്യം പരത്താതെ ഏറ്റവും ചുരിക്കിപറയാം..സമവാക്യമായി.
ശരാശരി = അശോക്
ഇതാണ് ഞാന്‍ പറഞ്ഞത്, ഇനി കണ്‍ഫ്യൂഷന് വകയില്ലെന്ന് കരുതുന്നു.

അപ്പു ആദ്യാക്ഷരി said...

നല്ല കഥ അശോക്. ഇഷ്ടപ്പെട്ടും

ഗുപ്തന്‍ said...

അശോക് നന്നായി എഴുതിയിട്ടുണ്ട്... എഴുത്തില്‍ വിശദാംശങ്ങള്‍ ഏറിയെന്ന് എനിക്ക് അഭിപ്രായമില്ല. ഇവിടെ ഹാസ്യപോസ്റ്റുകളല്ലെങ്കില്‍ എല്ലാം സ്നാക്ക് പരുവത്തില്‍ ഇഷ്ടപ്പെടുന്നവരാണേറെയും. ജനപ്രീതിക്കു വേണ്ടി എഴുതാതെ സ്വന്തം തൃപ്തിക്കായി എഴുതാനുള്ള പക്വത അശോകിനുണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. തുടരുക. ഭാവുകങ്ങള്‍.

അലി said...

കാക്കപ്പോന്ന് ആണോ അതൊ കാക്കപ്പൊന്നോ
ഏതായാലും ചതിതന്നെ
നന്നായി വരട്ടെ.

simy nazareth said...

ഇപ്പൊഴാ ഇതു കണ്ടത്.

നല്ല കഥ, കഴിഞ്ഞ നാ‍ലഞ്ചു മാസമായി ഒന്നും പുതിയത് എഴുതിയില്ലേ? എഴുതാന്‍ കഴിവുണ്ടായിട്ട് എഴുതാതിരിക്കുന്നതെന്തിനാ?

Vahab MPM said...

അശോക്‌ ഭായ്‌ വള്ളരെ നന്നായിട്ടുണ്ട്‌