Monday, February 11, 2008

കൊടുതി

തലയ്ക്കുള്ളിലേയ്ക്ക് തുളച്ച് കയറുന്ന ഇരമ്പല്‍ കേട്ടാണ് ഉണര്‍ന്നത്. ഉഷ്ണം കാരണം ഉറങ്ങാന്‍ കഴിയുന്നില്ല. വിന്റ്റ്റില്‍, രാത്രിയായാല്‍ ഹീറ്റര്‍ കൂട്ടിവയ്ക്കുന്നത് ഭാര്യയുടെ ഒരു ശീലമാണ്. പാതിരാത്രികഴിഞ്ഞാല്‍ പിന്നെ ചൂട് കാരണം ഉറങ്ങാന്‍ കഴിയില്ല.എത്ര പറഞ്ഞാലും മനസ്സിലാകില്ല. താഴെപ്പൊയി റൂം ടെമ്‌പ്രേറ്റ്ച്ചര്‍ കുറയ്ക്കണം.പുറത്ത് തണുത്ത കാറ്റ് ജനലഴികളെ വിറപ്പിച്ച് കൊണ്ട് ഇരമ്പുകയാണ്. അകത്തെ ചൂട് കുറയാന്‍ ഇനിയും സമയമെടുക്കും. ചെറിയ പനിയുടെ അസ്വാസ്ഥവുമുണ്ട്. എല്ലാ ശൈത്യ കാലത്തിന്റെ ആരംഭത്തിലും ഈ പനി പതിവുള്ളതാണ്. ഇവിടെ കുടിയേറിയിട്ട് വര്‍ഷങ്ങളായിട്ടും കാലാവസ്ഥ മാറ്റങ്ങളുമായി ശരീരം പൂര്‍ണ്ണമായി പൊരുത്തപ്പെടുന്നില്ല. ഒരു ടയലനൊള്‍ പി. എം. കഴിച്ച് വീണ്ടും കിടന്നു.പതുക്കെ പതുക്കെ കണ്‍പോളകള്‍ കനത്തു. ഉറങ്ങാമെന്ന് തോന്നുന്നു. ശരീരത്തിന് ഭാരമില്ലാത്തതുപൊലെ. പനിയുണ്ട് അതാണ് ഇങ്ങനെ. ശരീരം ഭാരം വെടിഞ്ഞ് പഞ്ഞിക്കെട്ടുപൊലെ പൊന്തുന്നു. പിന്നെ നിലയില്ലാത്ത ആഴത്തിലേക്ക് അവസാനമില്ലാതെ താണ് താണ് പോകും. ഇരുട്ടിന്റെ ഗുഹകളില്‍ നിന്ന് മണിനാദം നേര്‍ത്തതായിട്ടാണ് തുടങ്ങുന്നത്. വേഗത്തിലത് കനം വച്ച് പെരുകി കാതുകളെ തുളയ്ക്കും. കനം വയ്ക്കുന്ന ശബ്ദ്ദം ഒരു ഭാരമായി അതിരുകളില്ലാത്ത ഗര്‍ത്തത്തിന്റെ വശങ്ങളിലേക്ക് വീര്‍ക്കുന്ന ശരീരത്തെ ഞെരുക്കുന്നു. അസഹനീയമായ ഭാരം, ചലിയ്ക്കാന്‍ കഴിയുന്നില്ല. ഒന്നു ശബ്ദ്ദിയ്ക്കാന്‍ പോലും കഴിയുന്നില്ല.

പനിയുണ്ട്. നെറ്റിയില്‍ കൈ വച്ചുകൊണ്ട്, അമ്മ പറഞ്ഞു. മുറിയില്‍ പരന്ന വെളിച്ചത്തില്‍ മണിനാദം അലിഞ്ഞില്ലാതെയായി. "എന്തായിപ്പൊ ഇങ്ങനെയൊരു പനി വരാന്‍. "സാരമില്ല, നാളെ രാവിലെ കുട്ടന്‍ പണിക്കരെ വിളിച്ച് വെള്ളമോതിക്കാം". നെറ്റിയില്‍ ഭസ്മകുറി വരച്ച് തന്നുകൊണ്ട് അമ്മ പറഞ്ഞു.


ചെമ്പ് കിണ്ടിയില്‍ വെള്ളവും, തുമ്പിലയില്‍ ഭസ്മവും, തെറ്റി പൂവുമിട്ട് കുട്ടന്‍ പണിക്കര്‍ മുന്നിലിരിക്കുന്നു. ഒരു നുള്ള് ഭസ്മവും ഒരിറുക്ക് പൂവും നെറ്റിയില്‍ ചേര്‍ത്ത് വച്ച് പണിക്കര്‍ ഉച്ചത്തില്‍ മന്ത്രം ചൊല്ലുമ്പോള്‍, പനിയുടെ ആലസ്യത്തിനിടയിലും ചിരിപ്പൊട്ടും. "മിണ്ടാതിരുന്നോ" മുതിര്‍ന്നവരുടെ ശാസന.


പണിക്കര്‍ വന്ന് പോയാലും പനി വിട്ടുമാറാതെ തുടരുമ്പോഴാണ് കൊടുതിയുടെ കാര്യമോര്‍ക്കുന്നത്. ചിലപ്പോള്‍ നേരിട്ട് വന്ന് ഓര്‍മപ്പെടുത്തുകയുമാവും. ഒരിക്കല്‍ പുരയിടത്തില്‍ പണിയെടുക്കാന്‍ വന്ന പണിക്കാര്‍ കഞ്ഞി കുടിച്ച് കൊണ്ടിരുന്നപ്പൊഴാണതുണ്ടായത്. ഉള്ളുമുറിക്കുള്ളില്‍ പൈതങ്ങള്‍ പനിപിടിച്ച് കിടക്കുകയായിരുന്നു. കണ്ണടച്ചാല്‍ ഉള്ളില്‍ കന്നിവെയിലു പോലെ തിളയ്ക്കുന്ന പനി. ചെവിക്കുള്ളില്‍ മുറുകുന്ന മണിനാദം താങ്ങാനവത്ത ഭാരമായി മേലാകെ കടയുന്നു.പരീക്ഷ്ണം അസഹനീയമായപ്പോള്‍ അലറിക്കരഞ്ഞ് കൊണ്ട് അവര്‍ പുറത്ത് വന്നു. ജ്വരച്ചൂടില്‍ പിച്ചും പേയും പുലമ്പിയ പൈതങ്ങളെ മുതിര്‍ന്നവര്‍ കാര്യമറിയാതെ ശാസിക്കാന്‍ തുനിഞ്ഞു.

അപ്പോഴാണ് പതിവ് കൊടുതിക്കാരനായ വാസു പണിക്കാരുടെ ഇടയില്‍ നിന്നും ഉറഞ്ഞെണീറ്റത്. വിറപൂണ്ട കാലുകള്‍, വിളമ്പാന്‍ വച്ചിരുന്ന കഞ്ഞികലങ്ങളെ തട്ടിതെറിപ്പിച്ചു. ഉറഞ്ഞ് തുള്ളുന്ന വാസുവിനെ പിടിച്ച് നിറുത്താന്‍ തുനിഞ്ഞവര്‍ പ്രാകൃതമായ ശക്തിയെ തടുക്കാന്‍ കഴിയാതെ നിലത്ത് വീണുപൊയി.നിലത്ത് വീണവര്‍ അപരാധമറിഞ്ഞ് മാപ്പിരന്നു. അകത്തളം നിറഞ്ഞാടിയ പരദേവതയ്ക്കു മുന്നില്‍ വീട്ടുകാര്‍ കൈകൂപ്പി കാര്യമാരാഞ്ഞു. "മറന്നോ എന്നെ... എന്നെ മറന്ന് പോയൊ...." ആക്രോശത്തോടെയുള്ള ചോദ്യത്തിനുമുന്നില്‍ വീട്ടുകാര്‍ അപരാധികളെപോലെ തലകുനിച്ച്‌നിന്നു. പിന്നെ അടുത്ത വെള്ളിക്ക് കൊടുതിനല്‍കാമെന്ന് ആണയിട്ടു. പൈതങ്ങളെ കാത്തുകൊള്ളണമെന്ന് അമ്മമാര്‍ കരഞ്ഞ് പറഞ്ഞു.


"കുട്ടികളെ ഞാന്‍ കാത്തുകൊള്ളാം". തെക്കതിന്റെ ഇറമ്പത്ത് തൂക്കിയിട്ടിരുന്ന ഭസ്മക്കുടുക്കയില്‍ നിന്ന് ഒരുപിടി വാരി പനിപിടിച്ച കുഞ്ഞുങ്ങളുടെ നേരെയെറിഞ്ഞ് പരദേവത ആശ്വാസ വാക്കുപറഞ്ഞു.വീട്ടുകാര്‍ മറന്ന് ആണ്ട് കൊടുതി മുടങ്ങാതിരിക്കാനണത്രേ കുട്ടികള്‍ക്ക് പനിവരുത്തിയുള്ള ഈ ഓര്‍മ്മപ്പെടുത്തല്‍.


തെക്കതില്‍ മന്ത്രമൂര്‍ത്തിയും ആല്‍ത്തറയിലെ യക്ഷിയും കുടുംബം കാക്കുന്ന പരദേവതകളാണ്. പൂവും,പഴവും, പൊരിയം, ചന്ദനതിരിയും, കര്‍പ്പൂര വിളക്കും, കവുങ്ങിന്‍ പൂക്കുലയും വച്ച് ആണ്ടിലൊരിക്കല്‍ കൊടുതികൊടുക്കണം. പനിനീരുകൊണ്ട് നിവേദിക്കണം. എന്നാലും തെറ്റിയും പിരിഞ്ഞും പലവഴിയ്ക്ക് പോയ കുടുംബക്കാരെല്ലാരും ഒത്തുവന്ന് കൊടുതിയ്ക്ക് കൂടിയാലെ പരദൈവങ്ങള്‍ക്ക് തൃപ്തിയാകു.


തെക്കെപറമ്പിലെ മൂലയ്ക്കുള്ള പുരാതനമായ ആഞ്ഞിലിമരച്ചുവട്ടില്‍ കുരുത്തൊലകൊണ്ട് വളച്ച്‌കെട്ടി ചെറിയ കമാനങ്ങള്‍ തീര്‍ത്താണ് കരിങ്കാളിക്ക് നേര്‍ച്ച കൊടുക്കേണ്ടത്.
കരിങ്കാളി കുടുംബ ദേവതയല്ല.നശിച്ച് പോകാന്‍ പണ്ട് ശത്രുക്കളാരോ ജപിച്ച് വിട്ടതാണ്. വലിയ എതോ കര്‍മ്മികളെ കൊണ്ട്‌വന്ന് പിടിച്ച് കെട്ടി ആഞ്ഞിലിയില്‍ തറയ്ക്കുകയായിരുന്നു. മാത്രമല്ല, അവിടെ കുടിയിരുന്ന് കുടുംബത്തെ കാത്തുകൊള്ളാമെന്ന് ശപഥവും ചെയ്യിച്ചു. പകരം, ആണ്ടിലൊരിക്കല്‍ പ്രസാദിപ്പിക്കണം. പൂവും, പഴവും മാത്രം പോരാ; ചോരയും കാണിക്കണം.ആഞ്ഞിലിച്ചുവട്ടില്‍ വളച്ച് കെട്ടിയ കുരുത്തൊലകള്‍ക്കിടയില്‍ തീപന്തങ്ങള്‍ കുത്തിനിറുത്തും.ഇടയ്ക്ക് കുന്തിരിക്കപ്പൊടിയെറിഞ്ഞ് തീയാളിക്കും. തുമ്പിലയിട്ട്, പൂവും, പഴവും, പഴ്ക്കടയ്ക്കയും നൈവേദ്യച്ചോറും കാണിയ്ക്ക വയ്ക്കും.

പിന്നെ കൊടുതിക്കാരന്‍ നേര്‍ച്ച പൂവന്റെ തലയില്‍ വെള്ളമൊഴിച്ച് അനുവാദം ചോദിക്കും. പൂവന്‍ തല കുടഞ്ഞാല്‍ അനുവാദമായി. പിന്നെ തല തിരിച്ച് ഒറ്റ വെട്ടിന് കഴുത്ത് കണ്ടിയ്ക്കും. ചുവന്ന തെറ്റിപൂവ് വാരിയെറിയുന്നപൊലെ കുരുത്തൊലക്കെട്ടിലും നൈവേദ്യചോറിലും ചോര ചീറ്റി തെറിക്കും. പിടഞ്ഞ് തീരുന്ന പൂവനെ നോക്കി വീട്ടുകാര്‍ വെളിപാടിനായി കാക്കും. ഉറഞ്ഞ് തുള്ളുന്ന കൊടുതിക്കാരന്‍ പൂവും ഭസ്മവും വാരിയെറിഞ്ഞ് 'തൃപ്തിയായി....തൃപ്തിയായി' എന്ന് പറയുമ്പോള്‍ കുടുംബക്കാര്‍ നെഞ്ചത്ത് കൈവച്ച് പറയും " കാത്തോളണേ..."ഉണര്‍ന്നപ്പോള്‍ പുറത്ത് വെയിലു പരന്നിരുന്നു. പനിക്ക് നല്ല ആശ്വാസമുണ്ട്. എങ്കിലും ഒഴിവ് ദിവസങ്ങളിലെ പതിവ് ആലസ്യം കാരണം എണീക്കാന്‍ പിന്നെയും താമസിച്ചു.ശനിയാഴ്ചകളില്‍ എണീറ്റാല്‍ ഉടനെ നാട്ടിലേക്ക് വിളിക്കുകയാണ് പതിവ്. വിശേഷങ്ങള്‍ പറയുന്നതിനിടയ്ക്ക് വെറുതെ അമ്മയോട് പറഞ്ഞു, "ഇന്നലെ രാത്രി നല്ല പനിയുണ്ടായിരുന്നു."

"എന്തായിപ്പോ അങ്ങനെയൊരു പനി, സാരമില്ല ഒക്കെ മാറും. അടുത്ത വെള്ളിയാഴ്ച് കൊടുതി പറഞ്ഞിരിക്കുകയാ".. ആശ്വാസ വാക്ക് പറഞ്ഞത് അമ്മയാണ്.