Wednesday, November 21, 2012

പാപഭാരം


ഇറച്ചിവെട്ടുകാരനാണ്‌ കാഞ്ഞാന്‍്പ്പുറം.സാധാരണ ഇറച്ചി വെട്ടുകാരുടെ രൂപമോ ഭാവമോ ഒന്നും കാഞ്ഞാന്‍പ്പൊറത്തിനില്ല. നീണ്ടുമെലിഞ്ഞ രൂപം, മുഖത്ത് ഒരുനിക്ഷ്ക്രിയ ഭാവം.ആ പേരുപോലും ഒരു ഇറച്ചി വെട്ടുകാരനു ചേര്‍ന്നതല്ല.ഇറച്ചി വെട്ടുകാരനെന്നല്ല, ഒരു മനുഷ്യനും ചേര്‍ന്ന പേരല്ലത്. അതൊരു  സ്ഥലപ്പേരായിരുന്നിരിക്കണം.

പുറംനാടുകളില്‍ നിന്നും വന്നു താമസിക്കുന്നവരെ അവരുടെ സ്ഥലപ്പേരിലോ, സ്ഥലപ്പേരു ചേര്‍ത്തോ വിളിക്കുന്നത് നാട്ടുകാരുടെ ഒരു പതിവാണ്. നീ ഒരു വരുത്തനാണെന്ന ക്രൂരമായ ഒര്‍മ്മപ്പെടുത്തലും കൂടിയാണത്. കിഴക്ക് തമിഴ് നാട്ടിൽ നിന്ന് പണ്ടെങ്ങോവന്ന ഒരാളെ ഇപ്പോഴും വിളിക്കുന്നത് കിളക്കന്‍ എന്നാണ്. കിഴക്കനല്ല, കിളക്കന്‍. തമിഴന് ‘ഴ‘ കാരം വഴങ്ങാത്തതിന്റെ പരിഹാസവുംകൂടി വിളക്കിച്ചേര്‍ത്താണ്‌ അയാള്‍ക്ക് പേര്കൊടുത്തത്. ക്രൂരത എന്നാല്ലാതെ എന്ത് പറയാൻ കഴിയും. നാട്ടിന്‍പുറം നന്മകളാൽ സമൃദ്ധം എന്നൊക്കെ കവിതകളിൽ പ്രാസമോപ്പിച്ച് എഴുതാമെന്നേയുള്ളു.

ദിവസം‌ രണ്ടുനേരം‌ ബസ്സൊടുന്ന ടാറിട്ട റോഡും, മഴയത്ത് കലങ്ങി നിറഞ്ഞും‌, വേനലിൽ‌ തെളിഞ്ഞ് നേർത്തും‌ ഒഴുകുന്ന ഒരാറും(ആറ് റോഡിനെ മുറിച്ച് കടക്കുന്നിടത്ത് ഒരു മേൽ‌പ്പാലമുണ്ട്), ഒരു  ചായക്കടയും‌ , ഒരു മുറുക്കാൻ‌ കടയും, ഒരു ബാർബർ ഷാപ്പും ചേർന്ന ഒരു കവലയും കൂടിയാൽ‌ ഈ നാടായി. കവല കഴിഞ്ഞ് കുറച്ച്കൂടി തെക്കൊട്ടു പോയാൽ‌ ഒരു ചാരായ ഷാപ്പുമുണ്ട്. അല്ലങ്കിൽ തന്നെ ഷാപ്പില്ലാതെ ഒരു നാടും നാടാവില്ലല്ലോ! ഈ നാട്ടിലെ ഒരേയോരു ഇറച്ചി വെട്ടുകാരനാണ് കാഞ്ഞാൻപ്പുറം. കാഞ്ഞാൻപ്പുറത്തിന്റെ വൈകുന്നേരങ്ങളിലെ നടത്തം അവസാനിക്കുന്നത് ഷാപ്പിലാണ്. ശരിയായില്ല! കാഞ്ഞാൻപ്പുറത്തിന്റെ വൈകുന്നേരങ്ങൾ ആരംഭിയ്ക്കുന്നത് ഈ ഷാപ്പിൽ നിന്നാണെന്ന് പറയുന്നതാണ് ശരി.

സധാരണ കാഞ്ഞാൻപ്പുറം ആരുടെയും മുഖത്ത് നോക്കാറില്ല. തലകുനിച്ചാണ് നടത്തം. പാപഭാരത്താൽ‌ തല കുനിഞ്ഞ്പോയതാണ്.തന്റെ നാലുമക്കളെ പെറ്റ താമരാക്ഷി പോലും പ്രാകുന്നത് ‘ഈ പാപമെല്ലാം എവിടെക്കോണ്ട്  വയ്ക്കും നിങ്ങളെന്ന്’ ചോദിച്ചാണ്. താമരാക്ഷി വെളുത്ത് കൊലുന്നിട്ടാണ്. നാല് പെറ്റവളാണെന്ന് കണ്ടാലാരും പറയില്ല. ഞായറാഴിച്ചതോറും ഒരോ പശുക്കളെ കോല്ലുന്നുന്നവനാണ് കാഞ്ഞാൻപ്പുറം.തലേദിവസം ചന്തയിൽ‌നിന്ന് വാങ്ങുന്ന പശുവിനെ ഇറച്ചികടയുടെ പിറകിലെ പുളിമരത്തിൽ കെട്ടിയിട്ട് പുല്ല് കൊടുക്കും.പുല്ലുതിന്ന് നിൽക്കുന്ന പശുവിനെ പിറകിലൂടെ പോയി തലയ്ക്കടിച്ച് കൊല്ലും. തലയും കഴുത്തും ചേരുന്ന മർമ്മ ഭാഗത്ത് ഊക്കിനൊരടിയേ വേണ്ടു.പശു കാലുകുഴഞ്ഞ് നിലത്തു വീഴും. വായിൽ‌ നിന്ന് ഉമിനീരും, ചോരയും, പാതിയരഞ്ഞ പുല്ലും പുറത്തു വരും. മൃഗത്തിന്റെ വലിയ ശരീരം മുന്നോട്ടായാൻ ശ്രമിക്കുന്നതുപോലെ ഒന്ന് പിടയും, പിന്നെ കാലുകളും വാലും നിവർത്തി വിറയാർന്ന് കണ്ണുതുറിച്ച്ങ്ങനെ കിടക്കും. ആ കിടപ്പിൽ ചത്ത് പോകും. പക്ഷേ ഇതൊന്നും കാണാൻ കാഞ്ഞാപ്പോറം നിൽക്കാറില്ല. തലയ്ക്കടിച്ചുകഴിഞ്ഞാൽ ഉലക്ക തഴെയിട്ട് അയാൾ തിരിച്ച് നടക്കും. വീട്ടിലെ വരാന്തയുടെ ചുവരിൽ തൂക്കിയിട്ട ക്രൂശിതന്റെ ചിത്രത്തിന് താഴെ തലകുനിച്ചിരിയ്ക്കും. അതുകൊണ്ട് തന്നെ ആർക്കും ഒരു സംശയവുമുണ്ടായിരുന്നില്ല – പാപത്തിന്റെ ഭാരം കൊണ്ട്തന്നെയാണ് അയാളുടെ തലകുഞ്ഞ് പോയത്. പാപത്തിന്റെ ഫലം മരണമാണെന്ന് താമരാക്ഷി സുവിശേഷയോഗത്തിൽക്കേട്ട പ്രസംഗം സാക്ഷിയാക്കി പറഞ്ഞു, പലതവണ. ദൈവശിശ്രൂഷകനായ ദാസന്റെ പ്രാർത്ഥനായോഗങ്ങളിൽ അവൾ പോകുന്നത് ഈ പാപഭയത്താലണത്രേ!

എതായാലും കാഞ്ഞാപ്പോറം ആളുകളുടെ മുഖത്ത് നോക്കുന്നത് രണ്ട് സമയങ്ങളിൽ മാത്രമാണ്. മുറിച്ച് കഷ്ണങ്ങളാക്കി തേക്കിലയിൽ പൊതിഞ്ഞ ഇറച്ചി വാങ്ങാൻ വരുന്നവരുടെ മുഖത്ത് നോക്കാൻ അയാൾക്ക് ഒരുമടിയുമില്ല. അവരുടെ മുഖത്തു നോക്കി അയാൾ മനസ്സിൽ പറയും, ‘എന്റെ പാപം നിങ്ങളുടെ അന്നത്തിനാൽ ഞാൻ കഴുകി കളയുന്നു.’വൈകുന്നേരം ഷാപ്പിൽ നിന്ന് തിരിച്ച് വരുമ്പോൾ എതിരെ വരുന്നവരുടെ മുഖത്ത്നോക്കി തലയിലെ തോർത്തുക്കെട്ട് ഒന്നുകൂടിയുറപ്പിച്ച് അയാൾ ഒന്നിളിച്ച് കാണിയ്ക്കും.ആരും അയാളെ ഗൌനിക്കാറില്ല. നിന്റെ പാപം നിന്റേതുമാത്രമെന്ന മട്ടിൽ അവർ നടന്ന് പോകും. കാലുകഴയ്ക്കുമ്പോൾ കവലയിലെ ചെല്ലപ്പൻ വ്യാപാരിയുടെ വിട്ട്നുമുമ്പിലെ അത്താണി ചുവട്ടിൽ കുറെനേരമിരിയ്ക്കും. രാജഭരണ കാലത്ത് തലച്ചുമടുകാരുടെ ഭാരമിറക്കൻ പണിതതാണീ അത്താണി. പാപത്തിന്റെ ഭാരം താങ്ങാൻ ഒരത്താണിയെങ്ങുമില്ല! ആ ഭാരം മുഴുവൻ തന്റെ ശോഷിച്ച ചുമലിൽ താങ്ങി ഒരു ജന്മം മുഴുവൻ നടക്കണം – പാപത്തിന്റെ ഫലം മരണമത്രേ!

സുവിശേഷപ്രാസംഗികകനായ ദാസൻ ഭവന പ്രാർത്ഥനയ്ക്കുവരുന്നത് പാപമുക്തിയ്ക്കാണെന്നാണ് താമരാക്ഷി പറയുന്നത്. കാഞ്ഞാപ്പൊറത്തിന് അയാളുടെ വരവും പൊക്കും ഒന്നുമിഷ്ടമില്ല.പ്രാർത്ഥന പറയുമ്പോഴും ദാസന്റെ കണ്ണുകൾ താമരക്ഷിയുടെ ദേഹത്താണ്. വെള്ളയും വെള്ളയുമിട്ട് കൈയ്യിൽ വേദപുസ്തകവുമായി നടക്കുന്ന ഒരു പിശാച്. അകത്ത് മുറിയിൽ ദാസനും താമരാക്ഷിയും മുട്ടിപ്പായി പ്രാർത്ഥിയ്ക്കുമ്പോൾ കാഞ്ഞാപ്പോറം വരാന്തയിലെ ക്രൂശിതന് താഴെ തലയും തൂക്കിയിരിയ്ക്കും.

ആരാണ് പാപം ചെയ്യുന്നത്? അന്നന്നുള്ള അന്നത്തിന് വകയായി കർമ്മം ചെയ്യുന്നവൻ പാപിയാണോ? കവലയിൽ കൂടിനിൽക്കുന്നവർ തന്നെ പുച്ഛഭാവത്തിൽ നോക്കുന്നതും അടക്കിച്ചിരിയ്ക്കുന്നതും ഏത് പാപത്തിന്റെ കണക്കിലാണ്? ശാസനകൾ തെറ്റിച്ച് ഇറച്ചി കച്ചവടം ചെയ്യുന്നത് ആരാണ്? പാപികളുടെ പ്രാർത്ഥന കേൾക്കുന്നവനാണ് ദൈവം. പാപത്തിന്റെ പ്രാർത്ഥനകൾ ആർക്കുവേണ്ടിയാണ്? ചേദ്യങ്ങൾ ചോദിക്കുന്നത് തന്നെ പാപമാണത്രേ. അനുസരണയാണ് പാപമുക്തി.

ഉള്ളിൽ ചോദ്യങ്ങൾ കൊമ്പുകുലുക്കി തുടങ്ങുമ്പോൾ എണിറ്റ് നേരെ ഷാപ്പിലേക്ക് നടക്കും. പുകയുന്ന ദ്രാവകം ചോദ്യങ്ങളെ ശമിപ്പിക്കും.കൊല്ലില്ല. ഉള്ളിൽ കണ്ണുതുറിച്ചങ്ങനെ കിടക്കും. അവസരം കിട്ടുമ്പോൾ പിടഞ്ഞെണീൽക്കാൻ. പകയാണ് പകരം വരുന്നത്. വെള്ളയും വെള്ളയുമിട്ട പിശാച്. പാപത്തിന്റെ മൊത്ത കച്ചവടം നടത്തുന്നത് അവനാണ്.പുളിമരത്തിന്റെ മറവിൽ ഒന്നുകിട്ടിയാൽ മതി. ചുവട്ടിൽ ഇരുമ്പു വളയം കെട്ടിയ ഉലക്ക കൊണ്ട് തലയും കഴുത്തും ചേരുന്ന മർമ്മ ഭാഗത്ത് ഒരു തട്ടേ വേണ്ടു. പിടഞ്ഞ് തീരാൻ. അയാളെ മാത്രം പോരാ. കവലയിലെ മുഖങ്ങളെ, തുറിച്ച് നോക്കുന്ന കണ്ണുകളെ, അടക്കിച്ചിരിക്കുന്ന് ശബ്ദ്ദങ്ങളെ എല്ലാം കൊല്ലണം. പാപം തീരാൻ അതാണ് യഥാർത്ഥ മാർഗ്ഗം. മദ്യത്തിന്റെ കെട്ടുതീരുമ്പോൾ പക അലിയും. പകരം ചോദ്യങ്ങൾ കൊമ്പുകുലിക്കി ഉണരും. എല്ലാം ഉള്ളിലൊതിക്കി അയാൾ ആളുകളുടെ മുന്നിലൂടെ തലകുനിച്ച് നടക്കും. തലകുനിയുന്നത് മനസ്സിന്റെ ഭാരംകൊണ്ടാണ്. മനസ്സുനിറയെ ഉത്തരമില്ലാത്ത ചോദ്യങ്ങളാണ്.

ഞായറാഴ്ച്ച രാവിലെ ഉലക്കയുടെ ഇരിമ്പുവളയം കല്ലിൽ തട്ടിയുറപ്പിക്കുമ്പോൾ അകത്ത് താമരാക്ഷിയുടെ പ്രാക്ക് തുടങ്ങി. പിന്നെ പ്രാർത്ഥന. അയാളുടെയുള്ളിൽ ആരോടെന്നില്ലാത്ത രോഷത്തിന്റെ കൊമ്പുകുലുക്കം.കാഞ്ഞാപ്പൊറം ഉലക്കയും കൈയ്യിലെടുത്ത് നടന്നു. കറുപ്പും വെളുപ്പും കലർന്ന നെറ്റിയിൽ ചുട്ടിയുള്ള ലക്ഷണമൊത്തരു പശു പുളിച്ചുവട്ടിൽ തിരിഞ്ഞ് നിന്ന് പുല്ലുതിന്നുന്നു നോക്കിയത് തലയും കഴുത്തും ചേരുന്ന മർമ്മഭാഗത്ത് മാത്രം. ഒറ്റയടി. തിരിച്ച് വന്ന് വലിയ ഇടയന്റെ പടത്തിന് ചുവട്ടിൽ തലകുനിച്ചിരുന്നു.

‘കൊന്നേമിച്ച് വന്നോ . ഈ പാപമെല്ലാം എവിടെകൊണ്ടുപോയി വയ്ക്കും എന്റെ കർത്താവേ. ഭവന പ്രാർത്ഥനയ്ക്ക് ദാസൻ‌ പാസ്റ്ററെ വിളിക്കണം. അതേയുള്ളു ഒരാശ്വാസം.’ തമരാക്ഷിയുടെ കരച്ചിലും, ചീറ്റലും.

കാഞ്ഞാപ്പൊറം തലകുടഞ്ഞ് എണീറ്റു. കൊമ്പുകുലുക്കി, മുക്രയിട്ട് ഒരു കാളക്കൂറ്റൻ‌ അയാളുടെ ഉള്ളിയിലുമുണർന്നു. കത്തി കല്ലിൽ അമർത്തി ഒന്നുക്കുടി മൂർച്ച് നോക്കി, അയാൾ പുളിമരച്ചുവട്ടിലേക്ക് നടന്നു. അടിയേറ്റ് വീണ പശു എണീറ്റ് നിന്ന് പുല്ലു തിന്നുന്നു. അയാൾക്കു ദേഷ്യം അടക്കാൻ കഴിഞ്ഞില്ല. ഉലക്കയെടുത്ത് പശുവിന്റെ തലമണ്ട അടിച്ച് തകർത്തു. ശരീരത്തിന്റെ വിറയൽ തീരുന്നതിൻ മുൻപ് തന്നെ ചങ്ക് അറുത്ത് മാറ്റി. ചോരചീറ്റി, അലറി പിടഞ്ഞ് രക്തം തുപ്പി അത് ചാകുന്നതു വരെ അവിടെ തന്നെ നിന്നു. ആരുടെ പാപത്തിന്റെ ഫലമായിട്ടാണ് ഈ പശുക്കൾ ഇങ്ങനെ പിടഞ്ഞ് ചാകുന്നത്? അതിന്റെ രക്തവും മാംസവും കഴിച്ച് പാപം കളയുന്നവർ ആരൊക്കെയാണ്?. ജീവൻ പോകാൻ പിടയുന്ന പശുവിന്റെ ദയനീയമായ അമറൽ, മദിച്ച് ചുരമാന്തി കൊമ്പുകുലുക്കി മുക്രയിടുന്ന കാളക്കൂട്ടം. അയാളുടെ സമനില വിട്ടു.

അന്നത്തെ കച്ചവടം തീർന്നപ്പൊൾ കാഞ്ഞപ്പോറത്തിന് പൊകാൻ മറ്റിടമൊന്നുമില്ലായിരുന്നു. മറ്റെവിടെ പൊയാലും ശരിയാകില്ല.ഷാപ്പിലേക്ക് തന്നെ അയാൾ നടന്നു. അവിടെയിരുന്ന് ബോധം കെടുന്നതുവരെ കുടിച്ചു. വൈകിയപ്പോൾ ഷാപ്പുകാരൻ തട്ടിയുണർത്തി പുറത്താക്കി. നിലാവ് പരന്നിരിക്കുന്നു.തിരിച്ച് നടക്കണം. കാലുകൾ നിലത്തുറയ്ക്കുന്നില്ല. കവലവരെ എത്തിയപ്പൊൾ അത്താണിയിൽ ചാരി കുറെനേരമിരിന്നു. അത്താണിക്കുറപ്പുണ്ടൊ, തന്റെ പാപത്തിന്റെ , ചോദ്യങ്ങളുടെ, അപമാനത്തിന്റെ ഭാരം താങ്ങാൻ? വെറും ചുമടുതാങ്ങുന്ന അത്താണികൾ അതിനുപൊര. പാപഭാരം – ജീവിതഭാരം താങ്ങാൻ അതിന് കെൽ‌പ്പില്ല. തന്റെ ശുഷ്കിച്ച കാലുകൾക്കും, ദുർബലമായ ചുമലിനും ഇനിയത് താങ്ങാൻ വയ്യ. അയാൾ വേച്ച് വേച്ച് തന്റെ ഇറച്ചി കട വരെ എങ്ങനെയോ നടന്നു. ഇറച്ച് കൊത്തിമുറുയ്ക്കുന്ന മരക്കുറ്റിയിൽ ചാരിനിന്നു. ഇറച്ചിക്ക് വിലപറയാനല്ലാതെ ആരും കാര്യമായി തന്നോടിതുവരെ ഒന്നും പറഞ്ഞിട്ടില്ല. ചോദിച്ചിട്ടില്ല. കാഞ്ഞപ്പോറം എന്നല്ലാതെ തന്റെ പേരുപോലും ആർക്കും അറിയില്ല. ദൂരെനിന്ന് ഉച്ചഭാഷണിയിലൂടെ സുവിശേഷപ്രാസംഗികന്റെ ശബ്ദ്ദം കേൾക്കാം. പാപത്തിന്റെ ഫലം മരണമാണ്. ദാസനായിരുക്കും. അവന്റെ കണ്ണുകളിപ്പൊഴും മുന്നിലിരിക്കുന്ന താമരാക്ഷിയുടെ വെളുത്ത ശരീരത്തിലായിരുക്കും. പാപതിന്റെ ഫലം മരണമാണ് – അയാൾ പതുക്കെ പറഞ്ഞു. അറുത്തെടുത്ത പശുവിന്റെ തലകൾ കണ്ണുതുറിച്ച് അയാളെ നോക്കി ആവർത്തിച്ചു , അതെ മരണമാണ്. കടയുടെ മേൽക്കൂരയുടെ മുളം കഴുക്കോലുകളിൽ നിന്ന് ഇറച്ചി തൂക്കാൻ കെട്ടിയിരിക്കുന്ന കയറുകളിലൊന്നിൽ അയാൾ പിടിച്ച് നോക്കി. ബലമുണ്ട്.  പൂർണ്ണ ചന്ദ്രൻ ഒരു മേഘതുണ്ടുകൊണ്ട് മുഖം മറച്ചു. നിലാവ് ഒന്നുമങ്ങി. മുളം കഴുക്കൊൽ പാപഭാരത്താൽ ഒന്നമർന്നു. കടയ്ക്കുപിന്നിലെ പുളിമരം അരണ്ട നിലാവിൽ ഒരു പിശാചിനെപ്പോലെ പടർന്നുനിന്നു. അതുമുഴുവൻ പാപത്തിന്റെ കൂടുകളാണ്. ഒന്നോഴിഞ്ഞാൽ മറ്റൊന്ന് കൂട് കൂട്ടും.

No comments: