Friday, May 4, 2007

ചതി.

“നീയാ ചെറുക്കന്റെ മുഖത്തോട്ടൊന്ന് നോക്ക്. അപ്പോ മനസ്സിലാകും.“
പതഞ്ഞൊഴുകുന്ന തോട്ടിലേക്ക് ചെറുകല്ലുകള്‍ വലിച്ചെറിഞ്ഞ് അലക്ഷ്യമായ് നടന്ന് വരുന്ന കുട്ടിയെ ചൂണ്ടിയാണ് നാഗ് പറഞ്ഞത്. ശബ്ദ്ദമുയര്‍ത്തി എന്നല്‍ നിസംഗനായിട്ടാണ് അയാള്‍ സംസാരിച്ചിരുന്നത്.
“നോക്ക് ആ നടത്തം പോലുമതുപോലെ തന്നെ. പിറന്ന് വീണതുമുതല്‍ രൂപവും ഭാവവുമൊക്കെ ഇതുതന്നെയായിരുന്നത്രേ.”

“നിനക്കറിയില്ല. എട്ട് വര്‍ഷങ്ങള്‍..... “ അയാളുടെ കണ്ണുകള്‍ കലങ്ങുകയും ശബ്ദ്ദം ഇടറുകയും ചെയ്തു.
എന്റെ നേരുകാണാന്‍ ആളില്ലായിരുന്നു. അല്ലങ്കിലുമതങ്ങനെയാണ്, സഹതാപത്തിന്റെ തിമിരത്തില്‍ സത്യം വേട്ടയാടപ്പെടും.
പാവം കൊച്ചുപെണ്ണല്ലേ, സുഖമില്ലാത്തവളല്ലേ, എന്നോക്കെയാണ് സന്ധ്യ ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ എല്ലാരും പറഞ്ഞത്.
അവര്‍ക്ക് അവളെക്കുറിച്ചെന്തറിയാം? നാഗിന്റെ ശബ്ദ്ദമുയര്‍ന്നു.
രോഗിയാണ്, ഹൃദയത്തിലൊരു തുളയുണ്ടെന്നക്കെയല്ലേ എല്ലാരേയും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നത്.
പച്ചകള്ളം!! പതിമൂന്ന് വയസ്സായപ്പോള്‍ താമസിച്ചിരുന്ന അനാഥാലയത്തില്‍ നിന്ന് പുറത്താക്കിയതാ...
പെഴച്ച് പോയത്തീങ്ങളെയൊന്നും അവരവിടെ നിറുത്തൂല.... റബര്‍ത്തോട്ടത്തിന് നടുക്കുള്ള പൊളിഞ്ഞ ഷെഡ്ഡില്‍ വച്ച് ആദ്യം തൊട്ടപ്പോഴേ എനിക്കറിയാമായിരുന്നു, തെറിച്ച വിത്താണന്ന്.
പതിമൂന്ന് കഴിഞ്ഞിട്ടേയുള്ളു എന്നോന്നും കണ്ടാലാരും പറയത്തില്ല. നിറഞ്ഞ നെഞ്ചും കൊഴുത്ത ദേഹവും. ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കും, അതാണ് പ്രകൃതം.
അല്ലങ്കില്‍ തന്നെ തന്തയും തള്ളയും ജീവിച്ചിരിക്കുമ്പോള്‍ ഇതിനെ അനാഥാലയത്തിലാക്കിയതെന്തിനാ ....പണം പിടുങ്ങാന്‍............ഏതോ ഒരു വിദേശി സായിപ്പ് പൈസ അയച്ച് കൊടുക്കുമായിരുന്നു... അത് പറ്റാന്‍.
നിനക്കറിഞ്ഞുകൂട...... ഇവിടെയാര്‍ക്കുമറിഞ്ഞുകൂട, അവളുടെ കുടുംബത്തെക്കുറിച്ച്.
അവളുടെ അമ്മയുടെ അനിയത്തി ഒരു തെരുവ് വേശ്യയാണ്... കൂത്തിച്ചികൂട്ടങ്ങളാണെല്ലാം.
എട്ടുമാസം, വയറ്റിലുള്ള കാര്യം, അവള് സ്വന്തം തള്ളേടെ കണ്ണീന്ന് പോലും മറച്ച് വച്ചു... വെറും പതിനറ് വയസുള്ള പെണ്ണാണുപോലും.

നാഗ് അവന്റെ ഭാഗം ന്യായീകരിക്കുകയായിരുന്നു. ഒരുപക്ഷേ അവന്റെ കഥ കേള്‍ക്കാന്‍ ഇതുവരെ ആരെയും കിട്ടിയിട്ടുണ്ടാവില്ല. അവിഹിത ഗര്‍ഭത്തിന്റെ ഉത്തരവാദിത്വം അടിച്ചേല്‍പ്പിക്കപ്പെട്ടപ്പോള്‍ ഗ്രാമം വിട്ട് ഓടി പോയതാണയാള്‍, ഇന്നേയ്ക്ക് എട്ട് വര്‍ഷങ്ങള്‍ക്ക് മുന്നേ.
അന്ന് ഈ കഥ നാട്ടില്‍ പാട്ടാ‍യിരുന്നു. വീടിന്റെ കോലായിലിരുന്നും, കവലമുക്കില്‍ കൂട്ടം കൂടിനിന്നും ആളുകള്‍, വാര്‍ത്തകള്‍ കിളിര്‍ക്കാത്ത നാട്ടു മണ്ണിന്റെ വിരസതയകറ്റാനെന്നോണം, ഇതിനെക്കുറിച്ച ത്തന്നെ പറഞ്ഞ്കൊണ്ടേയിരുന്നു, ദിവസങ്ങളോളം.

സന്ധ്യയുടെ അച്ഛന്‍ അപ്പു തന്നെയാണ് ആദ്യം സംഗതി പുറത്ത് പറഞ്ഞത്. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരു പോഴനായിരുന്നു അയാള്‍. വീട്ടിലിരിക്കുന്ന പെണ്ണുങ്ങളുടെ പോക്കുകേടില്‍ ഒരു ലജ്ജയുമില്ലാതെ, ആരെങ്കിലുമതിനെക്കുറിച്ച് ചോദിച്ചാല്‍ വെറുതെ ഇളിച്ച് കാട്ടുകമാത്രം ചെയ്യുന്ന ഒരു പാഴ്ജ്ന്മം. നല്ല ചൂടുള്ള ഒരുച്ച നേരമായിരുന്നു, കവലയിലെ കടത്തിണ്ണയില്‍ കയറിനിന്ന് അയാള്‍ പറഞ്ഞു.
“ ആ പട്ടീടെ മോന്‍ പെഴപ്പിച്ച് കളഞ്ഞെന്റെ മോളെ... പെണ്ണിപ്പം വയറ്റിച്ചൂലിയാണ്. ..എട്ട് മാസം.”
ആരോ പറഞ്ഞേല്‍പ്പിച്ചതു പോലെയാണ് അയാള്‍ ഇത്രയും പറഞ്ഞത്. പാതിയെരിഞ്ഞ സിഗരറ്റ് അയാളുടെ കൈവിരലുകള്‍ക്കിടയിലിരുന്ന് വിറച്ചു. ചുവന്ന കണ്ണുമായി ചുട്ട് പഴുത്ത് കിടന്ന റോഡിലേക്ക് നോക്കി അയാള്‍ പറഞ്ഞ് തീര്‍ത്തു.
“എന്റെ മോള്............നെഞ്ഞ് വയ്യാത്ത പെണ്ണാണ്...”
അതു പറഞ്ഞപ്പോള്‍ പശുവിന്റെ നേര്‍ത്ത ഒരു അമറല്‍ പോലെയാണ് അയാളില്‍നിന്നും ശബ്ദ്ദം പുറത്ത് വന്നത്.

നാഗ് ഇതിനകം തന്നെ സ്ഥലം വിട്ടിരുന്നു. അവന്‍ ഈ വാര്‍ത്ത നേരത്തെ സന്തുവില്‍ നിന്നും അറിഞ്ഞതാണ്. “ആ കൂത്തിച്ചിക്ക് വയറ്റിലായി...... നിന്റെ പേരാണ് പറയുന്നത്..” എന്നായിരുന്നു സന്തു ഓടിവന്ന് പറഞ്ഞത്. ആരാണെന്നോ എന്താണെന്നോ നാഗ് ചോദിച്ചില്ല.
“ നീ മാത്രമേ തൊട്ടിട്ടുള്ളു എന്ന് അവള്‍ ആണയിട്ട് പറഞ്ഞു.. ഓടിക്കോ..ഓടി രക്ഷപ്പെടുന്നതാണ് നല്ലത്.” ഒറ്റ ശ്വാസത്തിലാണ് സന്തു പറഞ്ഞ് തീര്‍ത്തത്. അതു തന്നെയാണ് നാഗ് ചെയ്തതും. കൈയില്‍ കിട്ടിയ കാശുമെടുത്ത് ഓടി. മറ്റോന്നും അപ്പോള്‍ മനസ്സില്‍ തോന്നിയില്ല. സന്തുവിന്റെ ശബ്ദ്ദത്തില്‍ ഉപദേശമായിരുന്നോ, ആജ്ഞയായിരുന്നോ!! വളരെ കര്‍ക്കശമായിട്ടാണ് അവന്‍ പറഞ്ഞത്, ഓടാന്‍. ഒരു വിധേയനെപ്പോലെ താനവനെ അനുസരിക്കുകയായിരുന്നു.
അവിടെയാണ്.............. അവിടെയാണ് അവന്‍ ജയിച്ചതും, ഞാന്‍ പരാജയപ്പെട്ടതും.

ടൌണ്‍ ബസ്റ്റാന്റിലെത്തിയിട്ടും എങ്ങോട്ട് പോണമെന്ന് ഒരൂഹവുമില്ലായിരുന്നു. കുറച്ച് സമയം ഒരു തെരിവുനായെപ്പോലെ ചുറ്റിതിരിഞ്ഞു. ഇടത് കാല്‍ വിരല്‍ എവിടെയൊ തട്ടിമുറിഞ്ഞ് രക്തമൊഴുകുന്നുണ്ടായിരുന്നു. നിന്നിടത്ത് രക്തം ഒഴുകി പടരുന്നത് കാണുന്നതുവരെ കാലുമുറിഞ്ഞകാര്യം അറിഞ്ഞിരുന്നില്ല. വേദനയുമില്ലായിരുന്നു. അനിശ്ചിതത്വം ഒരു മരവിപ്പായി മേലാകെ ഗ്രസിച്ചിരുന്നു. വേനല്‍ കാറ്റ് വരണ്ട മണ്ണിനെ കടഞ്ഞ് പൊടിപറത്തി അലോസരപ്പെടുത്തിക്കൊണ്ടേയിരുന്നു. കുറ്റപ്പെടുത്തലിന്റെ സൂചിമുനകള്‍ മുഖത്ത് കുത്തി പോള്ളിക്കുകയാണ് സൂര്യന്‍. രക്തം നില്‍ക്കുന്നില്ല. കാല്‍ വിരലിന്റെയറ്റം അടര്‍ന്ന് രക്തത്തിലും പൊടിയിലും കുതുര്‍ന്ന് തൂങ്ങി കിടക്കുന്നു. മുറിച്ച് കളയാന്‍ എന്തെങ്കിലും കിട്ടിയിരുന്നെങ്കില്‍..പെട്ടന്നാണ് പുതുക്കോട്ടയ്കുള്ള ബസ്സ് കണ്ടത്. അമ്മയുടെ അകന്ന ബന്ധത്തിലുള്ള ചിലര്‍ അവിടെയുണ്ട്. വയസായ ഒരു തള്ളയും അവരുടെ ഒരേയോരു മോനും. വലിയ അടുപ്പമില്ലങ്കിലും നല്ല മനുഷ്യരാണ്.

സന്ധ്യയ്ക്ക് കയറിചെന്നപ്പോള്‍ എന്തിനാണ് വന്നതെന്ന് പോലും ആരും ചോദിച്ചില്ല. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാനരെയോ കൊന്ന് പോലീസില്‍ നിന്ന് ഒളിച്ച് കഴിയുകയാണെന്നാണ് അവര്‍ കരുതിയത്. പിന്നെയൊരിക്കല്‍ നദിയില്‍ കുളിക്കാന്‍ പോയപ്പോള്‍ തള്ളയുടെ മകനോട് കാര്യം പറഞ്ഞു. ആഴ്ചകളൊളം ഞാനവിടെ കഴിഞ്ഞു. സംഗതി പൊലീസ് കേസായെന്നും ആകയുള്ള കിടപ്പാടം പണയപ്പെടുത്തി അച്ഛന്‍ കേസോതിക്കിതീര്‍ത്തെന്നും പിന്നിടറിഞ്ഞു. കിടപ്പാടം പോയങ്കില്‍ പോട്ടെ, എങ്ങനെയെങ്കിലും ഇതില്‍നിന്നോന്ന് രക്ഷപ്പെടണമെന്ന് മാത്രമായിരുന്നു ചിന്ത. ജീവിക്കുമ്പോള്‍ നേരെ ചെവ്വേ ജീവിച്ചില്ലങ്കില്‍, ഭുതകാലം നാളെ നമ്മളെ തേടി വരും. ചീര്‍ത്ത് ചാളുവായു ഒലിപ്പിച്ച്, ഒരു് പേപ്പട്ടിയെ പോലെ. അപ്പോള്‍ ഓടാന്‍ മാത്രമേ പറ്റു.പിന്നെ അരോ പറഞ്ഞു, സന്ധ്യ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചെന്നും, അത് സന്തുവിന്റെ തനി പകര്‍പ്പാണെന്നും. അതാണ് ഞാന്‍ പറഞ്ഞത്, ഞാന്‍ ഓടിയപ്പോള്‍ ജയിച്ചത് അവനായിരുന്നെന്ന്. ഓടി പോയവന്‍ തന്നെ ഗര്‍ഭത്തിന് ഉത്തരവാദിയെന്ന് അവന്‍ നാടുമുഴുവന്‍ പറഞ്ഞ് നടന്നു. എല്ലാം വ്യക്തമായി അവന്‍ പ്ലാന്‍ ചെയ്തിട്ടുണ്ടാവും. നാണംകെട്ട് നാട് വിട്ടോടുന്ന അവസ്ഥ നിനക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല. ജിവിതം ഭയപ്പെടുത്തിയപ്പോള്‍ മരണം ആശ്വാസമാകുമെന്ന് കരുതി തള്ളി നീക്കിയ ദിവസങ്ങള്‍..നിനക്കത് പറഞ്ഞാല്‍ മനസ്സിലാകില്ല.

മണിക്കൂറുകള്‍ക്ക് ദൈര്‍ഘ്യമേറിയ ദിവസങ്ങള്‍, എണ്ണവും പ്രത്യേകതകളുമില്ലാതെ നാളുകള്‍ കൊഴിഞ്ഞ് കൊണ്ടേയിരുന്നു. സമീപത്തെ നിറഞ്ഞോഴുകുന്ന നദിയും അതിന്റെ സംഗീതവും ഒരാശ്വാസമായിരുന്നു. വൈകുന്നേരങ്ങളില്‍ ചാഞ്ഞ് പെയ്യുന്ന ചുവന്ന വെളിച്ചത്തില്‍ കുളിച്ച് നില്‍ക്കുന്ന് പുഴ, ശ്രദ്ധിച്ചാല്‍, നമ്മേ അതിലേക്ക് വിളിക്കുന്നത് കേള്‍ക്കാം. ഒരിക്കല്‍ മഴകഴിഞ്ഞ് ആറ്റില്‍ കുളിക്കാനിറങ്ങിയ ഞാന്‍ മുങ്ങി പോയി. മൂക്കിലും വായിലും വെള്ളം കേറി, മഞ്ഞിച്ച് കലങ്ങിയ വെള്ളം ഒരുപാട് കുടിച്ചു. വെള്ളം ശ്വാസനാളങ്ങളടച്ചു. നെഞ്ചിന് വല്ലാത്ത ഭാരം. കൈകാലുകള്‍ അനങ്ങാതെയായി. ഹൃദയം നിശ്ചലമായി. മരണത്തിന്റെ കൈയ്യുകള്‍ എന്നെ തോടുന്നതായും, ആ കൈയ്യുകളുടെ സാന്ത്വനം ഞാനാഗ്രഹിക്കുന്നതായും തോന്നി. അപ്പോള്‍ ഒരു നിമിഷം, എന്തിനോ എങ്ങനെയോ സന്തുവിന്റെ ചിരിക്കുന്ന മുഖമാണ് മനസ്സില്‍ മിന്നിയത്. പെട്ടന്നു വൈദ്യുതാഹാതമേറ്റതുപോലെ, ഹൃദയമിടിച്ചു. വയറില്‍ നിന്നും കൈകാലുകളിലേക്ക് ഇടിമിന്നലിന്റെ ശക്തി ഇരച്ച് കയറി. കൈയ്യും കാലും ശക്തമായി ചലിപ്പിച്ചപ്പോള്‍ പുഴ വഴി മാറി. അല്ലെങ്കിലും, വിധിയിടെ അലംഖനീയതെയേയും അതിന്റെ കാവലളായ എന്നേയും തടുക്കാന്‍ ഒരു നദിക്കാവില്ലല്ലോ. കാലുകള്‍ നിലത്തു മുട്ടിയപ്പോള്‍ എണീറ്റ് നടന്നു. മൂക്കിലും വായിലും വെള്ളം കേറിയതിന്റെ ശക്തമായ വിമ്മിഷ്ടം. ചുമക്കുകയും കാറുകയും ചെയ്തു. എങ്കിലും അജ്ഞാതമായ ഒരു ശക്തിയില്‍ കാലുകള്‍ ചലിച്ച് കോണ്ടിരുന്നു. ഒഴുക്കുന്ന നദി കാലമാണ്. അതാണ് പാതി ജീവന്‍ പകര്‍ന്ന് തന്ന് എന്നെ കരകയറ്റിയത്.....പാപകര്‍മ്മത്തിന്റെ കണക്ക് തീര്‍ക്കാന്‍, വിധിയുടെ കാവല്‍ക്കരനാകാന്‍.

നിരനിരയായിരിക്കുന്ന ഇറച്ചി കടകള്‍ക്ക് എതിരെ, മൂര്‍ച്ചയുള്ള കത്തികള്‍ വില്‍ക്കാന്‍ വച്ചിരിക്കുന്ന കടവരെ നടന്നു. ഒന്‍പതിഞ്ച് മതിയാകും, വജ്രത്തിന്റെ ഉറപ്പ് വേണം.., കൈയ്ക്കെടുത്ത് വീശുമ്പോള്‍ വൈഡൂര്യം പോലെ തിളങ്ങണം. നെഞ്ചില്‍വച്ചമര്‍ത്തുമ്പോള്‍ മാറെല്ല് പിളര്‍ന്ന് അകത്തു പൊണം. മൃഗത്തിന്റെ കൊമ്പ് കോണ്ട് പിടികെട്ടിയ, പള പളാ തിളങ്ങുന്ന ഒരെണ്ണമാണ് അയാള്‍ ആദ്യം തന്നെ എടുത്ത് നീട്ടിയത്. പിടി കത്തിയുമായി ചേരുന്നിടത്ത് വിചിത്രവും മനോഹരവുമായെന്തോ ഒന്ന് കൊത്തി വച്ചിരിക്കുന്നു. കത്തിയെടുത്ത് കൈയ്യില്‍ പിടിച്ചപ്പോള്‍, എണ്ണ പുരണ്ട കടലാസില്‍ തീയാളുമ്പോലെ, ഒര് തരിപ്പ് ശരീരമാസകലം പടര്‍ന്ന് പിടിച്ചു. ഒന്‍പതിഞ്ച് ധാരാളം മതി. എന്നാല്‍ ഊക്ക് വേണം, പിടിവരെ കുത്തിയിറക്കാന്‍ കെല്‍പ്പുള്ള ഊക്ക്. ഇടത് നെഞ്ചിന് താഴെ വാരിയെല്ലുകള്‍ക്കിടയിലൂടെ, ഒന്‍പതിഞ്ചും ആഴ്നിറങ്ങണം. കത്തിക്ക മൂര്‍ച്ച വേണം, പിന്നെ അമര്‍ത്തി പിടിയ്കാന്‍ കൈകള്‍ക്ക് കരുത്ത് വേണം. ഊര്‍ദ്ധന്‍ പോകുന്നത് വരെ കുതറാന്‍ വിടാതെ പിടിക്കണം, പിടയാന്‍ വിടരുത്. തല തിരിച്ച് കഴുത്തോടിയുന്ന ശബ്ദ്ദം കേട്ടാ‍ലും, ചത്തെന്നുറപ്പ് വരുന്നത് വരെ, കൊല്ലാന്‍ പോകുന്ന കോഴിയിടെ ചിറകുകളും, കാലും ചവിട്ടി പിടിക്കും പൊലെ. അല്ലെങ്കില്‍ ഒടിഞ്ഞ് തൂങ്ങിയ കഴുത്തുമായി അതു ചിറകിട്ടടിച്ച്, കുത്തി മറിയും...അതു അലോസരപ്പെടുത്തുന്ന കാഴ്ചയാണ്...... അതുകൊണ്ട് പിടയാന്‍ വിടരുത്, അമര്‍ത്തി പിടിക്കണം.... പ്രാണന്‍ അവസാന ശ്വാസത്തില്‍ അലിഞ്ഞ് തീരും വരെ...

നീ കരുതുന്നുണ്ടോ ഞാന്‍ പറയുന്നത് പ്രതികാരമാണന്ന്? ഇല്ല. ഇത് വിധിയാണ്. അല്ലങ്കില്‍ ഈ ചെറുക്കന് എങ്ങനെയീ മുഖം കിട്ടി. ഉറപ്പാണ്. തടുക്കാന്‍ പറ്റാത്ത വിധി.
നീ വന്നുവെന്ന് കേട്ടാ‍ണ് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ന് ഞാനിവിടെ വന്നത്. ഇത്രയും കാലം ഞാനലഞ്ഞ് തിരിഞ്ഞു. പല നാടുകള്‍ കണ്ടു. പല ജോലികള്‍ ചെയ്തു. നിനക്കറിയാമോ, എനിക്കിപ്പോള്‍ സര്‍ക്കാര്‍ ജോലിയുണ്ട്. നാഗിന്റെ ശബ്ദ്ദം പതിഞ്ഞ് വന്നു.

നീയാ ചെറുക്കനെ നോക്ക്. ഈ നായിന്റെ മോന്‍ ആ സന്തുവിന്റെ വിത്താണ്. ഇവന്റെ ജന്മത്തിന് ഞാനെന്റെ എട്ട് വര്‍ഷങ്ങള്‍ ദാനം കോടുത്തു. തന്തയില്ലാത്ത ഈ ജന്തുവിനെ ഒന്നു കാണാനാണ് ഞാനിവിടെ വന്നത്. നീയവന്റെ കണ്ണുകള്‍ ശ്രദ്ധിച്ചോ? പുകയൂതുമ്പോള്‍ കനയ്ക്കുന്ന കനലുപോലെ എന്തോ ഒന്ന് അവിടെ തിളങ്ങുനില്ലേ? വിധിയുടെ കനലാട്ടം, അതു കാണാനണ് ഞാന്‍ വന്നത്. എന്നും കണ്ണാടി നോക്കുമ്പോള്‍ കാണുന്നത്ത് ആരുടെ രൂപമാണെന്ന് ഇന്നവനറിയാം. ഇവന്റെ കരളിലെ കനലുകള്‍ക്ക് ഞാന്‍ പുകയൂതും. പിന്നെ കാത്തിരിക്കും, ഇവന്റെ കൈയ്യുകള്‍ എന്റെ കത്തി പിടിക്കാറാകും വരെ. ഇവന്റെ കൈത്തണ്ടയ്ക്ക് , ഒന്‍പതിഞ്ചും കുത്തിയിറക്കി പിടയാന്‍ വിടാതെ അമര്‍ത്തി ഞരിക്കാനുള്ള കരുത്താര്‍ജിക്കും വരെ. .....
അതെ ഞാന്‍ കാത്തിരിക്കും.............. വിധിയുടെ കാവല്‍ക്കാരനെ പോലെ.......

Saturday, April 7, 2007

മഞ്ഞ് വീണു - കാലം തെറ്റി

മഞ്ഞ് വീഴ്ച്ച പ്രതീക്ഷിച്ചിരിക്കുകയായിരുന്നു.

പിന്നെയതുമറന്നു. വസന്തം വന്നു.പല വര്‍ണ്ണങ്ങളില്‍ ടുളിപ്പ് പുഷ്പ്പങ്ങള്‍ ചിരിച്ചു നിന്നത് കഴിഞ്ഞയാഴച്ചയാണ്.



പാതവക്കത്തെ ചെറിമരങ്ങളും വസന്തം വാരിയണിഞ്ഞ് ചിരിതൂകി നിന്നു.

എന്നാലിന്നുരാവിലെ കണ്ടതിതാണ്. കാലം തെറ്റിവന്ന അതിഥി വെള്ളപരവതാനിവിരിച്ചങ്ങനെ കിടക്കുന്നു. ഒടുവിലിവിടയും ഇക്കോല്ലം മഞ്ഞ് വീണു.


സ്പ്രിങ്ങ് വെക്കേഷനില്‍ കളിക്കാന്‍ പറ്റാഞ്ഞ് കുട്ടികള്‍ക്ക് വിഷമം. പൂത്ത് നിന്ന പൂക്കള്‍ക്കും സങ്കടം.

Tuesday, February 13, 2007

മഴസ്വാമി

കുട്ടികളായ ഞങ്ങള്‍ക്കെല്ലാം ഒരു തികഞ്ഞ കൌതുകമായിരുന്നു മഴസ്വാമി. അല്പം അകന്നുനിന്നു മാത്രം കാണാനാഗ്രഹിച്ചിരുന്ന ഒരു കൌതുകം. കാവിമൂടിയ ദേഹവും പഞ്ഞിപോലെവെളുത്ത നീണ്ട താടിയും, കൈയിലെ ശംഖും എല്ലാം ചേര്‍ന്ന് കഥാപുസ്ത്കത്തിലെ ഒരു സന്യാസിയുടെ രൂപം തന്നെയായിരുന്നു മഴസ്വാമിക്ക്. കൈയ്യിലെ ഊന്നുവടി നടക്കാന‍ല്ല മറിച്ച് കുരച്ച് ചാടിവരുന്ന ശുനകന്മാരെ വിരട്ടിയോടിക്കാനാണ് അധികവും ഉപയോഗിച്ചിരുന്നത്. ചിലപ്പോള്‍ മുട്ടിന് കൈകോടുത്ത് അല്പം വളഞ്ഞ് നിന്ന് നായ്ക്കളെ നോക്കി തിരിച്ച് കുരയ്ക്കാറും പല്ലിറുമാറുമോക്കെയുണ്ടായിരുന്നു അയാള്‍. ഇതുകണ്ട് ചിലര്‍ മഴസ്വാമിക്ക് മ്രഗങ്ങളോട് സംസാരിക്കാന്‍ വശമുണ്ടയിരുന്നതായും കരുതിയിരുന്നു. കുട്ടികള്‍ ചുറ്റും കൂടുമ്പോള്‍ ചിലപ്പൊഴെല്ലാം കൈയിലെ ശംഖെടുത്ത് ഊതാറുമുണ്ടായിരുന്നു മഴസ്വാമി. ശരീരം വില്ലുപോലെ വളച്ച് അത്യുഗ്ര ശബ്ദ്ദത്തില്‍ ശംഖ് വിളിക്കുബോള്‍ ഈ ദുര്‍ബല ശരീരത്തില്‍നിന്നെങ്ങനെ ഇത്രയും വലിയ ശബ്ദ്ദം വരുന്നതെന്ന് പറഞ്ഞ് വലിയവര്‍ പോലും അദ്ഭുതം കൂറാറുണ്ട്. എപ്പൊ വന്നലും കാണുന്നവര്‍ക്കെല്ലാം സുഗന്ധപൂരിതമായ ഭസ്മം കൊടുക്കാന്‍ ഒരിക്കലും മറക്കാറില്ലായിരുന്നു മഴസ്വാമി.

അടുത്ത മഴ എപ്പോകാണുമെന്ന പ്രവചനവുമായിട്ടാണ് മഴസ്വാമി എപ്പോഴും പ്രത്യക്ഷപ്പെടാറ്. ‘വാവ് കഴിഞ്ഞയുടനെയുണ്ടാവും മഴ’ അല്ലങ്കില്‍ ‘ഇനി കോല്ലങ്കോട്ട് തൂക്കം കഴിഞ്ഞിട്ട് നോക്കിയാമതി കേട്ടോ’ എന്നോക്കെയാവും പ്രവചനങ്ങള്‍. മറ്റ്ചിലപ്പോള്‍ കര്‍ക്കശ സ്വരത്തില്‍ പറയും ‘ഉടനെയോന്നും ഇനി മഴ കാണില്ല. ആളുകള്‍ക്കോക്കെ അഹമ്മതി കൂടുകയല്ലേ. ഇത്തവണ അവരെയോക്കെയോന്ന് കണക്കിന് പരീക്ഷിക്കും.’ എന്നിട്ട് ഉടനെ വീണ്ടും പറയും ‘ പക്ഷേ സജ്ജനങ്ങളെ കഷ്ടപ്പെടുത്തില്ല കേട്ടോ‘. പക്ഷേ മഴ ഒരിക്കലും മഴസ്വാമിയുടെ പ്രവചനങ്ങളെ അനുസരിക്കാന്‍ കൂട്ടാക്കിയില്ല. സത്യത്തില്‍ ആരും മഴസ്വാമിയുടെ പ്രവചനങ്ങളെ വിശ്വസിച്ചിരുന്നുമില്ല. മഴസ്വാമിയുടെതെന്നല്ല മഴയെക്കുറിച്ചുള്ള ആകാശവാണിയുടെ പ്രവചനങ്ങളും ആരും വിശ്വസിച്ചിരുന്നില്ല എന്നതാണ് സത്യം. എങ്കിലും ചിലപ്പോള്‍ പ്രവചനം ഫലിച്ച് മഴ പെയ്യുമ്പൊള്‍ എന്റെ മുത്തശ്ശി മറക്കാതെ പറയുമായിരുന്നു ‘കണ്ടില്ലേ മഴ പെയ്യുന്നത്, മഴസ്വാമി പറഞ്ഞായിരുന്നു’.

വീടും കുടുംബവുമൊക്കെയുള്ള മനുഷ്യനെന്നാണ് ചിലര്‍ മഴസ്വാമിയെക്കുറിച്ച് പറഞ്ഞത്. മറ്റ്ചിലര്‍ക്ക് അയാള്‍ പീടികത്തിണ്ണയില്‍ അന്തിയുറങ്ങുന്ന വെറുമോരു തെണ്ടിയായിരുന്നു. ഇനിയൊരുക്കുട്ടര്‍ പറഞ്ഞു അയാള്‍ ശ്മ്ശാനത്തിലാണ് ഉറങ്ങിയിരുന്നതെന്ന്. അവിടെ നിന്നാണത്രേ അയാള്‍ക്ക് ഭസ്മം കിട്ടിയിരുന്നതും. മഴസ്വാമിയുടെ ഭിക്ഷസഞ്ചിക്കുള്ളില്‍ അസ്ഥിതുണ്ടുകളാണെന്നും, അനുസരണക്കേട് കാട്ടിയാല്‍ പിടിച്ച് അയാള്‍ക്ക് കോടുക്കുമെന്നും ചില വിക്രിതിക്കുട്ടികളെ അച്ഛനമ്മമാര്‍ ഭയപ്പെടുത്തറുമുണ്ടായിരുന്നു. എന്നാല്‍ ഈ കഥകള്‍ക്കോന്നും മഴസ്വാമിയുടെ കൌതുകരൂപം കുട്ടികളായ ഞങ്ങളുടെ മനസില്‍നിന്നു മാച്ചുകളയാനായില്ല. ഞങ്ങള്‍ മഴസ്വാമിക്ക് ചുറ്റും കൂട്ടം കൂടുകയും അയാള്‍ തന്ന ഭസ്മം വാങ്ങി നെറ്റിയില്‍ കുറി വരയ്ക്കുകയും ചെയ്തു. പിന്നെ മഴസ്വാമിയുടെ ശംഖ് വിളിയെ അനുകരിച്ച് കൂകിവിളിച്ചു.

സത്യത്തില്‍ ഞങ്ങള്‍ കുട്ടികള്‍ക്ക് മാത്രമായിരുന്നില്ല വലിയവര്‍ക്കും മഴസ്വാമിയെക്കുറിച്ച് അധികമോന്നും അറിയില്ലായിരുന്നു. അവര്‍ അയാളെ അത്രയ്ക്കോന്നും ശ്രദ്ധിച്ചിരുന്നുമില്ല. വലിയവരുടെ സങ്കീര്‍ണ്ണമായ ലോകത്തില്‍ മഞ്ചാടിക്കുരുക്കള്‍ക്കും, മുത്തുച്ചിപ്പികള്‍ക്കുമെന്നപോലെ മഴസ്വാമിക്കും സ്ഥാനമില്ലായിരുന്നിരിക്കാം. അതുകൊണ്ടുതന്നെയാണല്ലോ അളന്ന് കൊടുക്കുന്ന ഒരു നാഴി അരി വാങ്ങി സഞ്ചിയിലിട്ട് ‘ശംഭോ മഹാദേവാഃ’ എന്ന് ഉച്ചത്തില്‍ പറയുമ്പോള്‍ അയാളുടെ മുഖത്ത് മുറുകുന്ന വരകള്‍ ഒരു വലമ്പിരി ശംഖിന്റെ ചിത്രം വരച്ച് വയ്ക്കുന്നത് കുട്ടികളായ ഞങ്ങള്‍ മാത്രം ശ്രദ്ധിച്ചത്. പിന്നെ ശംഖ് വിളിച്ച് ഭസ്മം കൊടുത്ത് മഴസ്വാമി പടിയിറങ്ങുമ്പോള്‍ നടവരമ്പത്ത് വരെ കൂടെ ചെല്ലുന്നതും കുട്ടികള്‍ മാത്രമായിരുന്നു. നാഴിയരിയുമായി അടുത്ത് ചെല്ലുമ്പൊള്‍ മുതിര്‍ന്നവര്‍ക്കാര്‍ക്കെങ്കിലും, അസ്ഥികഷ്ണങ്ങള്‍ ഇല്ലായെന്നുറപ്പുവരുത്താനെങ്കിലും, അയാളുടെ ഭിക്ഷ സഞ്ചികള്‍ക്കുള്ളില്‍ ഒന്നു നോക്കാമായിരുന്നു. നോക്കിയില്ല, ആരും. അതുകൊണ്ടുത്തന്നെ അയാളുടെ തുണിസഞ്ചികള്‍ക്കുള്ളില്‍ എന്താണെന്ന് ആരുമറിഞ്ഞതുമില്ല, ഒരിക്കലും.

പണ്ടൊക്കെ ആഴ്ചവട്ടത്തില്‍ ഒരിക്കല്‍ വരാറുണ്ടായിരുന്ന മഴസ്വാമി പിന്നെ വരവ് മാസത്തിലോരിക്കലാക്കി. വയസ്സായതുകൊണ്ടാണെന്ന് എല്ലാരും പറഞ്ഞു. എന്തുകൊണ്ടോ മഴയും കുറവായിരുന്നു ആ കാലത്ത്. മഴസ്വാമി വരാത്തത്കോണ്ടല്ല, മനുഷ്യന്‍ കാടും മരങ്ങളും വെട്ടിനശിപ്പിച്ചതുകോണ്ടാണ് മഴ പെയ്യാത്തതെന്നാണ് ചിലര്‍ പറഞ്ഞത്. എന്തുകൊണ്ടോ അതിന്റെ ന്യായം എനിക്ക് മനസിലായില്ല. വല്ല ദുഷ്ടന്മാരും മരം വെട്ടി നശിപ്പിക്കുന്നത്കൊണ്ട്, എന്റെ മുറ്റത്തുപെയ്യുന്ന മഴയും അതിന്റെ കുളിരും ഞനെന്തിന് നഷ്ടപ്പെടണം. മഴസ്വാമിയെന്നും പറഞ്ഞിരുന്നതുപ്പോലെ സജ്ജനങ്ങളെ കാക്കേണ്ടേ, ദുഷടന്മാരെ ശിക്ഷിക്കുമ്പോഴും.

മഴസ്വാമിക്ക് വയസ്സായി വരുന്നതൊന്നും ഞങ്ങള്‍ കുട്ടികള്‍ക്ക് മനസ്സിലായില്ല. പഞ്ഞിപൊലുള്ള വെളുത്ത താടിയും, കാവിമൂടിയദേഹവുമയി എന്നും ഒരുപോലെ തന്നെയായിരുന്നല്ലോ അയാള്‍ . പക്ഷേ അയാളുടെ നടത്തയ്ക്കു വേഗത കുറഞ്ഞതും, ഇടയ്ക്കിടയ്ക്കുനിന്നു കിതയ്ക്കുന്നതും ഞങ്ങള്‍ കണ്ടു. പിന്നെയിപ്പോള്‍ നായ്ക്കളെ വിരട്ടാനല്ല, നടക്കന്‍ തന്നെയാണ് ഊന്നുവടി ഉപയോഗിച്ചിരുന്നത്. ഏതെങ്കിലും നായ കുരച്ചുവന്നാല്‍ അവയെനോക്കി നിശ്ചലമായി നില്‍കാറെയുള്ളു മഴസ്വാമിയിപ്പോള്‍. കുറച്ച് സമയം വട്ടം ചുറ്റി നായ തിരിച്ച് പോകുന്നതുവരെ അങ്ങനെ അനങ്ങാതെ നിശ്ബദ്ദനായി നില്‍ക്കും. മൌനത്തിന്റെ ഭാഷ തികച്ചും വശമാക്കിയ മഴസ്വാമിയിപ്പോള്‍ ആ ഭാഷയിലായിരിക്കണം മ്രഗങ്ങളോട് സംസാരിച്ചിരുന്നത്.

പിന്നെത്തെക്കൊല്ലത്തെ മഴക്കാലം അതികഠിനമായിരുന്നു.മഴ തോരാതെ പെയ്തു, ദിവസങ്ങളോളം. ആറും തോടും കരകവിഞ്ഞു. പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. വടക്കെ പറമ്പിനരികിലൂടെ മഴക്കാലത്തുമാത്രം കിനിഞ്ഞൊഴികിയിരുന്ന കരത്തോട് കലങ്ങിമറിഞ്ഞ് പരന്നോഴികി. മരങ്ങള്‍ കടപുഴകി വീണു. കരഞ്ഞ് തീര്‍ത്ത മേഘങ്ങളുടെ വേദന ഭൂമിയേറ്റുവാങ്ങി. പെയ്ത് പെയ്ത് മഴ തീര്‍ന്നു.കരത്തോട് തെളിഞ്ഞോഴുകി പിന്നെയുംകുറേനാള്‍. മഴവെള്ളം കൊണ്ടുവന്ന വെള്ളാരംകല്ലുകള്‍ പെറുക്കി ആര്‍ക്കണ് കൂടുതലെന്ന് മത്സരിച്ചപ്പോള്‍ മഴസ്വാമിയെ നമ്മള്‍ മറന്നതുപൊലെയായി, ഒരിക്കലും ഓര്‍ത്തതെയില്ല. പിന്നെയൊരിക്കല്‍ വടക്കേ പറബില്‍ കളിച്ചുകൊണ്ടിരിക്കെ, ഉക്കില്‍ കരഞ്ഞ ശബ്ദ്ദം കേട്ട് ശംഖ് വിളിയാണെന്ന് തെറ്റിധരിച്ച് ഞങ്ങള്‍ പാടവക്കത്ത് പോയി കാത്തുനിന്നു. മഴസ്വാമിയെയും പ്രതീക്ഷിച്ച്. പക്ഷെ മഴസ്വാമി വന്നില്ല, പിന്നെയൊരിക്കലും. വര്‍ഷങ്ങള്‍ക്ക് ശേഷമിപ്പോള്‍ വെയിലത്ത് നടന്ന് ക്ഷീണിച്ച് വരുന്ന മഴസ്വാമിയുടെ വാടിയ മുഖം ഓര്‍മിച്ചെടുക്കാന്‍ എത്രശ്രമിച്ചിട്ടും എനിക്ക് കഴിയുന്നില്ല. ജീവിതത്തിന്റെ കുത്തോഴുക്കില്‍ മന‍സ്സില്‍ നിന്നും ചില മുഖങ്ങള്‍ എന്നെന്നേക്കുമായി ഒലിച്ച് പോയത് ചിലപ്പൊള്‍ വളെരെ വൈകിയാവും നാമറിയുന്നത്. മഴസ്വാമിയുടെ മുഖം ഓര്‍ക്കാന്‍ ശ്രമിക്കുമ്പോഴെല്ലാം ഒരു വലമ്പിരി ശംഖാണ് മനസ്സില്‍ തെളിഞ്ഞ് വരുന്നത്. എങ്കിലും മഴസ്വാമി നല്‍കിയ ഭസ്മത്തിന്റെ സുഗന്ധം ഇപ്പോഴും മനസ്സില്‍ പച്ചയായിത്തന്നെയുണ്ട്. കര്‍പ്പൂര മണമുള്ള ഭസ്മം മാത്രമായിരുന്നല്ലോ മഴസ്വാമി ന‍ല്‍കിയ ഒരേയോരു പ്രസാദവും. ഒരുപക്ഷേ ആ സുഗന്ധം മാത്രമായിരിക്കാം മഴസ്വാമിയുടെ ഓര്‍മ്മയും.

Friday, January 26, 2007

വേണ്ടാത്ത അറിവ്.

കാര്യമായ അറിവോന്നുമില്ലാ കോന്തുണ്ണിയേട്ടന് (അക്കാര്യത്തില്‍ ഞാനും കോന്തേട്ടനും സമാസമം).
കുറച്ചറിവ് എവിടെന്നെങ്കിലും കിട്ടിയാല്‍ കൊള്ളാമെന്ന ചിന്തയല്ലാതെ അതിനുവേണ്ടി പ്രത്തേക്കിച്ചു ശ്രമമൊന്നുമില്ലാ രണ്ടാള്‍ക്കും. അതുകൊണ്ടുതന്നെ പ്രസംഗവും പ്രഭാഷ്ണവുമൊന്നും കോന്തുണ്ണി നായരെ ഒരിക്കലും ആകര്‍ഷിച്ചിട്ടില്ല. വെറുതെ കറങ്ങിനടക്കുന്നതാണ് പുള്ളിയുടെ ഇഷ്ടവിനോദം. നാണിയേട്ടത്തിയുടെ ഭാഷയില്‍ പറഞ്ഞല്‍ ‘വണ്ടിക്കാളയെ പോലെയിങ്ങനെ ചുമ്മാ നടക്കും. പൊക്കണക്കേട് അല്ലാതെന്ത്.’ എന്നല്‍ ചുമ്മാ നടക്കാന്‍ കഴിയാത്തതാണ് നമ്മുടെ എല്ലാപ്രശ്നങ്ങള്‍ക്കും കാരണമെന്നാണ് കോന്തുണിയേട്ടന്റെ അഭിപ്രായം. കോന്തുണ്ണിയേട്ടന്‍ ചുമ്മാ സ്വന്തം ഭാഗം ന്യായീകരിക്കന്‍ പറയിന്നതായിട്ടണ് ഞാനുള്‍പ്പെടെ എല്ലാവരും കരുതിയത്. എന്നാല്തങ്ങനെയല്ല അതോരു തത്വശാസ്ത്രമാണെന്നും പലമഹാന്മാരുമതു പറഞ്ഞിട്ടുണ്ടെന്നും കോളേജില്‍ ഇംഗ്ലീഷു പഠിപ്പിക്കുന്ന സുകുമരന്‍ മാഷ് പറഞ്ഞപ്പോഴല്ലേ മനസ്സിലാകുന്നത്. അല്ലെങ്കിലും കാര്യം കാര്യമാകണമെങ്കില്‍ കോന്തുണ്ണിയല്ല അറിവുള്ള മഹാന്മാര്‍ തന്നെ പറയണം.

തനിക്കില്ലാതെപോയ അറിവിനെ കുറിച്ചോര്‍ത്തു കോന്തുണ്ണിയേട്ടന്‍ വിണ്ടും തെക്കോട്ടും വടക്കോട്ടും നടന്നു. അങ്ങനെയിരിക്കെയാണ് ക്ഷേത്രമുറ്റത്തെ ആല്‍ച്ചുവട്ടില്‍ ഒരു കാക്ഷായവേഷധാരി വന്നിട്ടുണ്ടെന്നും വൈകുന്നേരം പ്രഭാഷണമുണ്ടെന്നും കേള്‍ക്കുന്നത്. അറിഞ്ഞപ്പോള്‍ ആല്‍ച്ചുവടുവരെ ഒന്നു ചുമ്മാ നടക്കാമല്ലോ എന്നുമാത്രമേ കരുതിയിള്ളു കോന്തുണ്ണിയേട്ടന്‍. കാവിയോടും ഖദറിനോടുമൊന്നും വെറിപ്പില്ലെങ്കിലും അത്ര മമതയോന്നുമില്ല കോന്തേട്ടന്. ഭക്തിയുംകമ്മി. മാത്രമല്ല കാലണ കളഞ്ഞ്കിട്ടിയാല്‍പ്പോലും കാണിക്കവഞ്ചിയിലിടുന്ന സ്വഭാവവുമില്ല. അക്കാര്യത്തില്‍ ഞാനും കോന്തേട്ടന്റെ ഭാഗത്തണ്. ദൈവത്തിനെന്തിനാ പൈസ.

എങ്കിലും ജ്ഞാനികളെന്നുകേട്ടാല്‍ കാണാന്‍ പോകാറുണ്ട്, എന്തെങ്കിലും അറിവുകിട്ടിയലോ. പണ്ടോരിക്കല്‍ അരീക്കാവു പാറ ഗുഹയില്‍ ഒരു സിദ്ധന്‍ വന്നു കൂടിയിട്ടുണ്ടന്നുകേട്ട് കണാന്‍ പോയിട്ടുണ്ട്. സിദ്ധനെ നാട്ടുകര്‍ മൂന്ന്നാലു ദിവസം തീറ്റിപ്പോറ്റി. ചോറും കോഴിക്കറിയും കൊടുത്തു. സിദ്ധന്‍ മൌനവ്രതത്തിലായിരുന്നു. അതുകൊണ്ടുതന്നെ ഒന്നും മൊഴിഞ്ഞില്ല. ആഹാരം കഴിക്കന്‍ മാത്രമേ വായ തുറന്നോള്ളു. നാലാം ദിവസം രാത്രിയില്‍ സിദ്ധന്‍ അപ്രത്യക്ഷനായി, ആരോടും ഒന്നും പറയതെ. പോലീസിനെ വിളിക്കണമെന്ന് ചില കമ്യുണിസ്റ്റുകാര്‍ പറഞ്ഞുനടെന്നെങ്കിലും ഒന്നും നടന്നില്ല.

ആല്‍ച്ചുവട്ടില്‍ ആളുകൂടികഴിഞ്ഞിരിക്കുന്നു.ആത്മാവിനെ ഒരു ശസ്ത്രം കൊണ്ടും മുറിക്കാന്‍ പറ്റില്ലെന്നോക്കെ പറഞ്ഞാണു കാക്ഷായ വസ്ത്ര ധാരി സംസരിച്ചുതുടങ്ങിയത്. അതേതു മാവാണെന്നും കോടലിക്കു പറ്റുമോയെന്നുമോക്കെ ചില പിള്ളേര്‍ പുറകെനിന്നു പറയിന്നതുകേട്ടു. പിന്നെ അറിവിനെക്കുറിച്ചും അറിവില്ലായ്മയെക്കുറിച്ചുമോക്കെ അയാള്‍ പറഞ്ഞു, ലോകം മിഥ്യയാണന്നു സമര്‍ത്ഥിച്ചു. ഇരുട്ടില്‍ കയറിനെ സര്‍പ്പമെന്നുത്തൊന്നിക്കുന്ന രീതിയിലുള്ള ഒരു സ്വപ്നമാണത്രേയീ ലോകം. ആറിവു പ്രകാശമാണന്നും അതു നമ്മളെയീ സ്വപ്നത്തില്‍ നിന്നുമുണര്‍ത്തുമെന്നു അയള്‍ പറഞ്ഞു. പ്രപഞ്ചം മായ, ബ്രഹ്മം സത്യം... സന്യാസി പറഞ്ഞുനിറുത്തിയപ്പേള്‍ കോന്തേട്ടന്‍ ഒരു സ്വപ്നത്തില്‍നിന്നെപോലെയുണര്‍ന്നു.

പ്രപഞ്ചമെന്നു പറയുന്നത്‍ തന്റെ വീടും, ശിവന്റെ ചായകടയും, അതിനുമുന്നിലെ കവലയുമൊക്കയലേ.പിന്നെ നാണിയും, തന്റെ ഒരേയൊരു മകനും, ഈ നാട്ടുകാരുമൊക്കെ അതില്‍ പെടും. ഇങ്ങനെയുള്ളയീ പ്രപഞ്ചം വെറുമൊരു സ്വപ്നമാണനോ. അതും തന്റെ അറിവില്ലായ്മയില്‍ നിന്നും വന്ന ഒരു കഥയില്ലാത്ത സപ്നം. അപ്പൊള്‍ അറിവുണ്ടായിപ്പോയല്‍ പ്രപഞ്ചം പോലുമില്ലാത്തൊരിടത്തു തനിച്ചിരിക്കേണ്ടിവരും. അതെ, ഇരിക്കുകതന്നെ. പ്രപഞ്ചമില്ലങ്കില് നടക്കാന്‍ പോലും പറ്റില്ലല്ലോ.

വിഷണ്ണനായി ക്ഷേത്രമുറ്റം കടന്ന് തിരിച്ചുനടന്നപ്പോള്‍ അകത്തേക്ക് ഒരുനിമിഷം നൊക്കി മനസ്സുകൊണ്ടു പ്രാര്‍ത്ഥിച്ചതുമതുതന്നെയായിരുന്നു. ഭഗവാനേ അറിയതെ പോലും ഈ അറിവ് എനിയ്ക്കുണ്ടാകരുതേ.

Monday, January 22, 2007

കുട

കുടയുമായിട്ടാണ് കോന്തുണ്ണിയേട്ടനെവിടെയിം പോകാറ്.
മഴയത്ത് കോന്തുണ്ണിയേട്ടനെങ്ങും പോകാറില്ല. വെയിലത്ത് കുട ചൂടാറുമില്ല.
പിന്നെയെന്തിനാ കുടയെന്നു ചോദിച്ചാല്‍ ഒരല്‍പ്പം പൊതുകാര്യം പറ്യേണ്ടിവരും.
കുട ഉപയോഗിക്കുന്നവര്‍ മൂന്നുവിധം.
1. കുട ചൂടി നടക്കുന്നവര്‍.
2. കുട കുത്തിനടക്കുന്നവര്‍.
3. കുട കക്ഷത്തില്‍ വച്ചു നടക്കുന്നവര്‍.

കോന്തുണ്ണിയേട്ടന്‍ മൂന്നാംത്തരക്കാരനാണ്. മൂന്നാതരെമെന്നതുകോണ്ട് കുറവോന്നുമില്ല.
നമെല്ലാം മുന്നാലോകരാജ്യക്കാരല്ലെ.(മറ്റുരണ്ടു ലോകങ്ങളുമെവിടെയണെന്ന് പറഞ്ഞ്തരാനുള്ള അറിവോന്നും എനിക്കോ കോന്തുണ്ണിയേട്ടനോയില്ല.)

കുട കോന്തുണ്ണിയേട്ടന്റെ സന്തത സഹചാരിയാണ്, അത്മവ്സൂക്ഷിപ്പുകാരനാണ്.
എങ്കിലും ചിലപ്പോള്‍ നാണിയേട്ടത്തിയുമായി പിണങ്ങുബോള്‍ കുടയെടുത്തെറിയുകയും, കന്പി പിടിച്ച് വളയ്ക്കുകയുമോക്കെ ചെയ്യും കോന്തുണ്ണിയേട്ടന്‍. ദേഷ്യമോക്കെ തീരുബോള്‍ എടുത്ത് ഭദ്രമായി കോലയില്‍ വെക്കും.

ഒരിക്കല്‍ പതിവ് യാത്ര കഴിഞ്ഞ് തിരിച്ചുവരുബോള്‍ നാണിയേട്ടത്തിയെന്തോ പറഞ്ഞതിന് കുടയെടുത്ത് നിലത്തെറിയാന്‍ തപ്പിയപ്പോഴാണ് കക്ഷത്തില്‍ കുടയില്ലന്ന കാര്യമറിയുന്നത്.
കുട പീടികത്തിണ്ണയില്‍ വച്ച് മറന്നു.

ഉള്ളോന്നുകാളി കൊന്തുണ്ണിയേട്ടന്. വല്ല കാലന്മാരും കോണ്ടുപോയിട്ടിണ്ടാവുമോ എന്തോ.
നടന്നല്ല ഓടിയണ് തിരിച്ച് പീടികയിലെത്തിയത്. തിണ്ണയുടെ മൂലയ്ക്ക് വച്ചെടുത്തുതന്നെയിരിപ്പുണ്ട് കുട.
എടുത്തോന്ന്നൊക്കി തിരിച്ച് കക്ഷത്തില്‍ വച്ചപ്പോള്‍ എന്തുകോണ്ടോ ആദ്യമായി നാണിയുടെ കൈപിടിച്ചത് ഓര്‍മവന്നു കോന്തേട്ടന്. തിരിച്ച് വീട്ടിലേക്ക് നടന്നപ്പോഴും ഓര്‍ത്തത് അതുതന്നെയായിരുന്നു.

മുറ്റത്തുനിന്നുതന്നെ വിളിച്ചു പറഞ്ഞു കോന്തേട്ടന്‍.
കുട കിട്ടി...... നാണിയേ......

Sunday, January 21, 2007

തന്മാത്ര

കോന്തുണ്ണിനായരെ കാണാനായിട്ടു ഇറങ്ങിയതണു ഞാന്‍.
പറഞ്ഞിട്ടു കാര്യമില്ല, രാവിലെ പോയാലെ പുള്ളിയെ കാണാന്‍ കിട്ടു.
മുറ്റത്തുതന്നെ നാണിയേട്ടത്തി നില്പുണ്ടു. ചോദിച്ചു കളയാം‌.
‘രാവിലെ എണീച്ച് പൊകുന്നത് കണ്ടു, കോണാനു തീപിടിച്ച പോലെ ... വടക്കോട്ട്.’
എട്ടത്തി പതിവുപോലെ തന്നെ അത്ര രസത്തിലല്ല.
വടക്കൊട്ടെങ്കില്‍ വായനശാലക്കാവുമെന്ന് ഞാനും വിചാരിച്ചു. ചെറുതാണല്ലോ കോന്തരുടെ ലോ‍കം‌.
അന്തോണി സാറിനെപോലെ പത്രം കണ്ടാലെ കക്കുസില്‍ പോകു എനോന്നുമില്ല കോന്ത്യ്ട്ടനു.
ഇരിപോണ്ട് പുള്ളി വയനശാലയില്‍. വയനശാലക്കടുത്ത ചായക്കടയിലേക്ക് കയറി ഞാനും.
നല്ല രസികന്‍ ചായയിം‌ പരിപ്പുവടയും കണ്ടാല്‍ അതുകഴിഞ്ഞേയുള്ളു എന്തും എനിക്കു പിന്നെ. മാത്രവുമല്ല പരിപ്പുവടയെ കേരളത്തിന്റെ ദേശീയ പലഘാരമാക്കണമെന്ന വശക്കാരനണ് ഞാന്‍.
പരിപ്പുവടയല്ല പഴമ്പോരി അഥവ വഴക്കാപ്പത്തിനാണു അതിനു എന്തുകൊണ്ടും യോഗ്യത എന്നു മറുപക്ഷം.
വടക്കുനിന്നു തെക്കൊട്ടു പേരിനു പൊലും ഒരുമയില്ലാത്ത ഒന്നിനെഎങ്ങ്നെ ദേശീയ പലഘാരമാകാനൊക്കും. അല്ലപിന്നെ.
അപോഴേക്കും കോന്തരേട്ടന്‍ പത്രപാരായണും‌ കഴിഞ്ഞ് പുറത്തു വന്നു.
എന്തുണ്ട് ചേട്ടാ വിശേഷം‌ പത്രത്തില്.
ഓ.. വെറുതെ ചരമകോളം‌ മറിച്ചു നോക്കുവാരുന്നു.
‘ചത്തവര് പത്രത്തില് ചിരിച്ചോണ്ടിരിക്കുന്നതു കണ്ടാല്‍ നമുക്കും ചിരിവരും‌‘ , കോന്തേട്ടന്‍ പറഞു.
എന്നിട്ട് മുണ്ടു മടക്കികെട്ടി തലയിലെ തൊര്‍ത്തു ഒന്ന് ‍അഴിച്ചു കെട്ടി കവലയിലേക്കിറങ്ങി.
ഇനി എങ്ങോട്ടു പൊണമെന്ന് ഒരുനിമിഷമാലോചിച്ചു. പിന്നെ വലിച്ചുവിട്ടു തെക്കോട്ടെയ്ക്ക്.

അല്ല.. ഞാനെന്തിനാ കോന്തേട്ടനെ കണാന്‍ വന്നതു. മറന്നു പോയല്ലോ.

ഭഗവനെ ... തന്മാത്രയായോ...ഇത്രപെട്ട്ന്നു.